മുഖ്യമന്ത്രിക്ക് ഡോളര്‍ക്കടത്തില്‍ നേരിട്ട് പങ്കെന്ന കസ്റ്റംസ് സത്യവാങ്മൂലം ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന് രാജ്യദ്രോഹക്കുറ്റം ചെയ്തെന്നും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു. സ്വപ്നയുടെ രഹസ്യമൊഴി കിട്ടി രണ്ടുമാസമായിട്ടും എന്തുകൊണ്ട് അന്വേഷണമില്ല? മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നായപ്പോള്‍ അന്വേഷണം മരവിപ്പിച്ചു. അന്വേഷണം മരവിപ്പിച്ചതിന് പിന്നില്‍ സിപിഎം- ബിജെപി ഒത്തുകളിയുണ്ടെന്നുമാണ് ചെന്നിത്തലയുടെ ആരോപണം.
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്നാണ് കസ്റ്റംസ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ പറയുന്നു. സ്വര്‍ണക്കടത്തില്‍ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുലര്‍ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. അറബി അറിയാവുന്നവരായിരുന്നില്ല മുഖ്യമന്ത്രിയും സ്പീക്കറും. അതിനാല്‍ ഇവര്‍ക്കും കോണ്‍സുലര്‍ ജനറലിനുമിടയില്‍ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
കോണ്‍സുലര്‍ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്ന് സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. അനധികൃത പണമിടപാടുകളാണ് കോണ്‍സുലര്‍ ജനറലുമായി ഇവര്‍ നടത്തിയത്. വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കോടിക്കണക്കിന് രൂപ കമ്മിഷന് കൈപ്പറ്റിയെന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന സുരേഷ് കോടതിയില്‍ നടത്തിയതെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.


