എസ്എസ്എല്‍സി, പ്ലസ്ടു ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കായിക താരങ്ങളും പരിശീലകരും രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി.
സര്‍ക്കാര്‍ തീരുമാനം നൂറിലധികം അത്ലറ്റുകളുടെ ഭാവിയെ പ്രതിസന്ധിയിലാക്കുമെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. കായിക രംഗത്തുനിന്ന് കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതിന് സര്‍ക്കാര്‍ തീരുമാനം കാരണമാകുമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
ദേശീയ ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കള്ക്കുവരെ ഗ്രേസ് മാര്‍ക്ക് റദ്ദുചെയ്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയെ കുട്ടികളുടെ കഠിനാധ്വാനത്തിന്റെ വിലയറിയാത്തവര്ക്കെ ഇതു ചെയ്യാനാകു എന്ന് ഒളിംപ്യന്‍ കെ.എം ബിനു പറഞ്ഞു. കായിക കൗമാരങ്ങളെ നിരുല്സാഹപ്പെടുത്താനെ നടപടി ഉപകരിക്കുവെന്നും ബിനു പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. കൃത്യമായ കാരണം ചൂണ്ടിക്കാട്ടാതെയായിരുന്നു ഇത്. അത്ലറ്റിക്സില് മാത്രം നൂറിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് വിനയാകുന്നതാണ് പുതിയ തീരുമാനം. ഏഷ്യന്‍ നിലവാരത്തിലുള്ളവര്‍ വരെ ഗ്രേസ് മാര്‍ക്ക് പട്ടികയ്ക്ക് പുറത്തു പോകുന്നത് പരിശീലകരെയും നിരാശരാക്കി.


