കാപ്പാ കേസില്‍ ജയിലിലുള്ള വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര് സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചതില്‍ പ്രതികരണവുമായി മേയര്‍ വി വി രാജേഷ്. പൗണ്ടുകടവ് കൗണ്‍സിലര്‍ സുധീഷിനെ പണം കൊടുത്ത് വിലക്ക് വാങ്ങിയതെന്ന ആരോപണം മേയര്‍ തള്ളി . ആരോപണം ശരിയല്ലെന്ന് രാജേഷ് പറഞ്ഞു. എല്‍ഡിഎഫിന്റെ കൗണ്‍സിലര്‍ ശ്രീകുമാര്‍ വരാത്തത് പണം വാങ്ങിയിട്ടാണോ എന്നും മേയര്‍ ചോദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന് കൗണ്‍സിലര്‍ സുഗതന് ഒരു അപേക്ഷ കൊടുത്തിരുന്നു. അദ്ദേഹത്തിന് പൊലീസ് പ്രൊട്ടക്ഷന്‍ പരോളില്‍ ഇവിടെ ഹാജരാകണമെന്നായിരുന്നു അപേക്ഷ. അപേക്ഷ നിരസിച്ചിരുന്നു. എന്നാല്‍, സുഗതനെ ഇത്ര കാലത്തേക്ക് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഒരു അപേക്ഷ കൗണ്‍സിലിന് മുന്‍പാകെ സമര്‍പ്പിച്ച് കൗണ്‍സിലില്‍ വോട്ടിനിട്ട് ആ അപേക്ഷ അംഗീകരിക്കുന്ന പക്ഷം സുഗതന്റെ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമായിരിക്കുമെന്നാണ് ആഭ്യന്തരവകുപ്പ് വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് മുഖാന്തരം സുഗതന് കൊടുത്ത മറുപടി. അപേക്ഷ ആ സംസ്ഥാന ആഭ്യന്തരവകുപ്പ് വിയ്യൂര്‍ ജയിലിലേക്ക് അയച്ചു കൊടുത്തു. അവിടെ നിന്ന് ആ അപേക്ഷ കോര്‍പ്പറേഷനില്‍ എത്തി. സ്വാഭാവികമായിട്ടും ആ അപേക്ഷയുടെ വെളിച്ചത്തിലും മുന്‍സിപ്പല്‍ ആക്ട് അനുവദിക്കുന്ന ആ സെക്ഷന്റെ പ്രൊട്ടക്ഷനിലുമാണ് ആറുമാസത്തേക്ക് അദ്ദേഹത്തെ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിയത് – അദ്ദേഹം പറഞ്ഞു.
പൗണ്ട്കടവ് വാര്‍ഡ് കൗണ്‍സിലര്‍ സുധീഷ് ഉള്‍പ്പടെ 51 പേര് സുഗുണന്റെ അപേക്ഷയെ കൈ ഉയര്‍ത്തി പിന്തുണച്ചു. ജയിച്ചു വന്ന ഒരു കൗണ്‍സിലറുടെ സ്ഥാനം വളഞ്ഞ വഴിയിലൂടെ കളയരുത് എന്ന ഉദ്ദേശ്യത്തോടെയായിരിക്കാം അദ്ദേഹം ഉള്‍പ്പടെ പിന്തുണച്ചത് – അദ്ദേഹം പറഞ്ഞു.


