തൊടുപുഴ : ഇടുക്കി മൂലമറ്റത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം. കൊലപാതകമാണെന്ന് തെളിഞ്ഞു. മൂലമറ്റത്തു മുട്ടത്താണ് സംഭവം നടന്നത്. സരോജിനിയെന്ന എഴുപത്തിയഞ്ചുകാരിയെ ആണ് മാര്‍ച്ച് 31ന് പുലര്‍ച്ചെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബന്ധുവായ സുനിലാണ് വര്‍ഷങ്ങള്‍ നീണ്ട ആസൂത്രിത കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വീട്ടിലെ ഗ്യാസ് അടുപ്പില്‍നിന്ന് തീപടര്‍ന്നായിരുന്നു അപകടം നടന്നത് എന്നായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്ന സഹോദരിയുടെ മകൻ സുനിലിൻ്റെ മൊഴി. എന്നാൽ ശാസ്ത്രീയ പരിശോധനയില്‍ ഗ്യാസില്‍ നിന്നല്ല തീപടര്‍ന്നത് എന്ന് വ്യക്തമായി. തുടർന്നാണ് നടത്തിയ പരിശോധനയിലാണ് ഉറങ്ങിക്കിടന്ന സരോജിനിയെ മണ്ണെണയൊഴിച്ചു കത്തിക്കുക ആയിരുന്നു എന്ന് പൊലീസ് കണ്ടെത്തിയത്. തൊടുപുഴ ഡിവൈ.എസ് പി, സി. രാജപ്പൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
സരോജിനി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. സംഭവ ദിവസം രാത്രിയില്‍ സുനില്‍ വീട്ടില്‍ കാവലിനായി വന്നതായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്ക് വീടിന് തീപിടിച്ചെന്നും സഹായിക്കണമെന്നും പറഞ്ഞു ഇയാൾ അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. നാട്ടുകാർ എത്തുമ്പോഴേക്കും സരോജിനി മരിച്ചിരുന്നു.


