താമരശേരിയില്‍ കാറിലെത്തിയ സംഘം സ്കൂട്ടര്‍ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി. താമരശ്ശേരി -മുക്കം റോഡില്‍ വെഴുപ്പൂര്‍ സ്കൂളിന് സമീപം വച്ചാണ് യുവാവിനെ തട്ടികൊണ്ടുപോയത്. ടാറ്റാ സുമോയിലും, മറ്റൊരു കാറിലുമായി എത്തിയ സംഘമാണ് സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരനെ കാറിലേക്ക് കയറ്റിയത്, റോഡില്‍ ഉപേക്ഷിച്ച സ്കൂട്ടര്‍ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
തച്ചംപൊയില്‍ ആവേലം മുരിങ്ങംപുറായില്‍ അഷ്റഫിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.
മുക്കത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന അഷ്റഫ് രാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. വെഴുപ്പൂരില്‍ വച്ച് പിന്നാലെയെത്തിയ കാര്‍ അഷ്റഫ് സഞ്ചരിച്ച സ്കൂട്ടറിന് കുറുകെ നിറുത്തി. ഡ്രൈവര്‍ ഉള്‍പ്പടെ നാലുപേര്‍ പുറത്തിറങ്ങി അഷ്റഫിനെ ബലമായി പിടികൂടി കാറില്‍ കയറ്റി. സംഘത്തിലെ ഒരാള്‍ സ്കൂട്ടര്‍ റോഡരികിലേക്ക് മാറ്റി നിറുത്തിയ ശേഷം പുറകില്‍ വന്ന കാറിലും കയറി രക്ഷപ്പെടുകയായിരുന്നു. മുക്കം ഭാഗത്തേക്കാണ് സംഘം പോയത്.
ഇവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രവാസിയായിരുന്ന അഷ്റഫിന് അവിടെ വച്ച് ചില സാമ്പത്തിക ഇടപാട് തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്നാണ് പൊലീസ് നിഗമനം. താമരശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.


