കോഴിക്കോട്: കേരളതീരത്ത് അപകടത്തില്‍പ്പെട്ട കപ്പലില്‍ അത്യന്തം അപകടകരമായ 157 രാസവസ്തുക്കള്‍. സര്‍ക്കാര്‍ പുറത്തുവിട്ട മാനിഫെസ്റ്റോയിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്. വെള്ളവുമായി ചേര്‍ന്നാല്‍ തീപിടിക്കുന്ന രാസവസ്തുക്കളും ഇക്കൂട്ടത്തിലുണ്ട്. തീപിടിക്കാന്‍ സാധ്യതയേറെയുള്ള രസിന് സൊലൂഷന്, ബെന്‍സോഫെന്‍ വണ്‍, നൈട്രോസെല്ലുലോസ് വിത്ത് ആല്‍ക്കഹോള്‍, സിങ്ക് ഓക്സൈഡ്, പോളിമെറിക് ബീഡ്സ്, മെത്തോക്സി-2 പ്രൊപ്പനോള്‍, ഡയാസെറ്റോണ്‍ ആല്‍ക്കഹോള്‍ അടക്കം സര്‍ക്കാര്‍ പുറത്തുവിട്ട മാനിഫെസ്റ്റോയിലുണ്ട്.
അതിനിടെ കപ്പലിലെ തീ നിയന്ത്രണവിധേയമായിട്ടില്ലെന്ന് ഡിഫന്‍സ് പി ആര് ഒ അതുല്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. കപ്പലില്‍ തീ പടര്‍ന്നുകൊണ്ടിരിക്കുയാണ്. രണ്ട് കപ്പലുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കത്തുന്ന വസ്തുക്കള്‍ നീക്കം ചെയ്താല്‍ മാത്രമേ തീയണയ്ക്കാന്‍ സാധിക്കുകയുള്ളൂ. രക്ഷാദൗത്യം ദുഷ്കരമാണെന്നും ഡിഫന്‍സ് പിആര്‍ഒ പറഞ്ഞിരുന്നു. കപ്പല്‍ ചെരിഞ്ഞ നിലയിലാണെന്നും അതുല്‍ പിള്ള പറഞ്ഞു. ഡോണിയര്‍ വിമാനം സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്. ഐഎന്‍എസ് സത്ലജ് സ്ഥലത്തുണ്ട്. മറ്റ് കപ്പലുകള്‍ സ്ഥലത്ത് തെരച്ചില്‍ നടത്തിവരികയാണ്. കപ്പലില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. രക്ഷാദൗത്യത്തില്‍ ഐഎന്‍എസ് സൂറത്തും പങ്കാളിയാകുമെന്നും പി ആര് ഒ വ്യക്തമാക്കി.