കോഴിക്കോട്: ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ജീവനക്കാരന് പിടിയില്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അറ്റന്‍ഡറായ വല്യാപ്പള്ളി സ്വദേശി മയ്യന്നൂര്‍ ശശീധരന്(55)ആണ് അറസ്റ്റിലായത്.
ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമിക്കപ്പെട്ടതെന്ന് യുവതി പരാതിയില്‍ പറയുന്നു. തൈറോയിഡ് ശസ്ത്രക്രിയക്ക് ശേഷം ഓപറേഷന് തിയേറ്ററില്‍ നിന്ന് യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമായിരുന്നു സംഭവം. യുവതിയെ ഐസിയുവിലെത്തിച്ചതിന് ശേഷം അവിടെ നിന്നും പോയ ശശീധരന് അല്പസമയം കഴിഞ്ഞ് തിരിച്ചെത്തിയാണ് പീഡനം നടത്തിയത്. യുവതി ബന്ധുക്കളോട് വിവരം പറയുകയും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.


