തിരുവനന്തപുരം: ശ്രീകാര്യത്ത് യുവാവിനെ കല്ലു കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. ശ്രീകാര്യം സ്വദേശികളായ അനീഷ്, വിനോദ് എന്നിവരാണ് പിടിയിലായത്. അനീഷ് ഒരു വധശ്രമക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പരുത്തിപ്പാറയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്നാണ് സൂചന. അമ്പാടിനഗര്‍ സ്വദേശി സാജുവിന്റെ മൃതദേഹം ഇന്ന് പുലര്‍ച്ചെയാണ് കണ്ടെത്തിയത്. കല്ലുകൊണ്ടും കമ്പു കൊണ്ടും തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. അനീഷാണ് സാജുവിന്റെ തലയ്ക്ക് ഇടിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു.
ഇന്നലെ രാത്രി കട്ടേലയിലുള്ള സുഹൃത്തുക്കളുമായി സാജു മദ്യപിക്കാന്‍ ഒത്തുകൂടിയിരുന്നു. ഇതിനിടെ ഇവര്‍ സാജുവിന്റെ മൊബൈല്‍ഫോണ്‍ ബലമായി പിടിച്ചു വാങ്ങി. മൊബൈല്‍ തിരികെ വാങ്ങാനെത്തിയ സാജുവും രണ്ട് സുഹൃത്തുക്കളുമായി തര്‍ക്കമായി. തുടര്‍ന്ന് കല്ലും തടി കഷണങ്ങളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. ക്രൂരമായ മര്‍ദനത്തില്‍ അവശനായ സാജുവിനെ വഴിയിലുപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. കട്ടേല ഹോളി ട്രിനിറ്റി സ്കൂളിന് സമീപമായിരുന്നു സംഭവം.
സാജുവിനെ വഴിയരികില്‍ കണ്ടെങ്കിലും മദ്യപിച്ച് അവശനായി കിടക്കുന്നതാണെന്നു കരുതി ആരും തിരിഞ്ഞു നോക്കിയില്ല. പുലര്‍ച്ചെ രണ്ടോടെയാണ് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി ഇയാളെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.


