കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലെ ഓവുചാലില്‍നിന്ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം പുരുഷൻ്റെതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായി മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.
മൃതദേഹത്തിന് രണ്ടു മുതല്‍ ആറു മാസത്തിനിടയില്‍ പഴക്കമുണ്ട്. 45-50 ഇടയില്‍ പ്രായമുള്ളയാളുടേതാണ് മൃതദേഹം എന്നാണ് നിഗമനം. ആളെ തിരിച്ചറിയാൻ ഉള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. മരണ കാരണവും വ്യക്തമല്ല. എല്ലുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. അതിൻ്റെ ഫലം വന്നാലേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയിലോ സമീപ പ്രദേശങ്ങളില്‍ എവിടെയെങ്കിലുമോ ആളുകളെ കാണാതായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
ആശുപത്രിയിലെ എട്ടാം വാര്‍ഡിനു പിറകുവശത്തെ ഒഴിഞ്ഞ ഭാഗത്തുള്ള ഓവുചാലിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകി തലയോട്ടിയും അസ്ഥിയും മാത്രമായ അവസ്ഥയിലായിരുന്നു.


