കൊല്ലം: യുവതിയുടെ മൃതദേഹം ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചല്‍ സ്വദേശിയായ യുവാവ് പിടിയിലയി. മരണപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണ്‍ നേരത്തെ ഇയാളുടെ കൈയില്‍നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.
കേരളാപുരം സ്വദേശി ഉമാ പ്രസന്നന് (32) ആണ് മരിച്ചത്. പൂര്‍ണ നഗ്നമായ നിലയിലാണ് മൃതദേഹം. തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. അഴുകിത്തുടങ്ങിയ മൃതദേഹത്തിന് ആറ് ദിവസത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.
ഫാത്തിമ മാതാ നാഷണല്‍ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സിലാണ് ഉമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചില വസ്ത്രഭാഗങ്ങള്‍ മാത്രമാണു മൃതദേഹത്തിനു സമീപത്തുണ്ടായിരുന്നത്. കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. കെട്ടിടത്തിനു പിന്നിലുള്ള കിണറ്റില്‍ സ്കൂബ സംഘവും തിരച്ചില്‍ നടത്തി.
സൗന്ദര്യവര്‍ധക വസ്തുക്കള്‍ വീടുകളില്‍ വില്‍പ്പന നടത്തുകയായിരുന്ന യുവതിയെ കഴിഞ്ഞ മാസം 29 മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാതാവ് കുണ്ടറ സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഇതുവഴിവന്ന രണ്ട് യുവാക്കളാണ് ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഈസ്റ്റ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബീച്ചില്‍നിന്നു കിട്ടിയ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണു പൊലീസിന്റെ അന്വേഷണം. ഭര്‍ത്താവ് ബിജു 3 വര്‍ഷം മുന്‍പ് മരിച്ചു. 2 മക്കളുണ്ട്.


