പാലക്കാട്: വടക്കഞ്ചേരി സ്വദേശി ശ്രുതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭര്‍ത്താവ് ശ്രീജിത്താണ് ശ്രുതിയെ തീ കൊളുത്തി കൊന്നത്. മക്കളുടെ മുന്നില്‍വച്ചാണ് ശ്രുതിയെ ഇയാൾ കൊലപ്പെടുത്തിയത്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ശ്രുതിയുടെ ബന്ധുകളുടെ പരാതിയില്‍ ആയിരുന്നു അന്വേഷണം ആരംഭിച്ചത്. ജൂണ്‍ 18നാണ് ശ്രുതിയെ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
സംഭവ സമയത്ത് ശ്രീജിത്തും എട്ടും നാലും വയസായ രണ്ട് ആണ്മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.പൊള്ളലേറ്റ ശ്രുതിയെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷക്കുശേഷം ജൂബിലി മെഡിക്കല്‍ മിഷന് ആശുപത്രിയിലും തുടര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. 90 ശതമാനത്തിനു മുകളില്‍ പൊള്ളലേറ്റ ശ്രുതി ജൂണ്‍ 21ന് രാവിലെ ആണ് മരിച്ചത്.
ശ്രുതിയെ ഭര്‍ത്താവ് തീ കൊളുത്തിയതാണെന്ന് മാതാപിതാക്കള്‍ വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ മൊഴി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്തും ശ്രുതിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും വഴക്ക് പതിവായിരുന്നെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.


