കോടതിയുടെ അഭിപ്രായം വരും മുമ്പേ സിപിഐഎം സജി ചെറിയാന്റെ കാര്യത്തില്‍ തീരുമാനം എടുത്തത് തെറ്റാണെന്ന് കെ.മുരളീധരന്. ഭരണഘടനയെ അവഹേളിക്കുകയാണ് സജി ചെറിയാന് ചെയ്തത്. കോടതിയുടെ തീരുമാനം വരും മുമ്പ് സിപിഐഎം സജി ചെറിയാന്റെ കാര്യത്തില്‍ തീരുമാനം എടുത്തത് തെറ്റാണെന്നും കെ മുരളീധരന് പറഞ്ഞു.
‘ഏകപക്ഷീയമായിട്ടാണ് സിപിഐഎം ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടുള്ളത്. അത് ശരിയല്ല. കാരണം, അദ്ദേഹം ഭരണഘടനയെ വിമര്‍ശിച്ചതല്ല, അവഹേളിച്ചതാണ്. ഭരണഘടനയെ അവഹേളിച്ചയാളെയാണ് കോടതിയുടെ അഭിപ്രായം അറിയുന്നതിന് മുമ്പ് മന്ത്രിസഭയിലേക്ക് എടുത്തത്. അത് തെറ്റാണ്. നാളെ മറ്റാരെങ്കിലും കോടതിയെ സമീപിച്ചാല്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവരും. അത് ഇപ്പോള്‍ തന്നെ വഷളായി നില്ക്കുന്ന സര്‍ക്കാരിനെ കൂടുതല്‍ വഷളായി നിര്‍ത്താനേ സാധിക്കൂ.’ കെ മുരളീധരന് പറഞ്ഞു.
സുധാകരന് നല്ല ആരോഗ്യവാനാണ്. താഴെ തട്ടില്‍ പുനസംഘടന നടക്കാത്തത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. പല കമ്മിറ്റിയും നിര്‍ജീവമാണ്. എ.കെ ആന്റണിയുടെ പ്രസ്താവനയില്‍ ഒരു തെറ്റും ഇല്ല. മതങ്ങളെ ഭിന്നിപ്പിച്ച് വോട്ട് ധ്രുവീകരണത്തിനാണ് സിപിഐ എമ്മും ബിജെപിയും ശ്രമിക്കുന്നത്. ഇ.പിയെ തൊട്ടാല്‍ പിണറായി തെറിക്കും അതുകൊണ്ട് തല്ക്കാലം സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തലയും രംഗത്തുവന്നു. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ എങ്ങനെയാണ് സജി ചെറിയാനെതിരെ തെളിവ് കിട്ടുകയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സജി ചെറിയാന് വിഷയത്തില്‍ തന്റെ മുന്‍നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ആന്റണിയുടെ പ്രസ്താവനയെച്ചൊല്ലിയുണ്ടായ വിവാദത്തിലും രമേശ് ചെന്നിത്തല പ്രതികരണമറിയിച്ചു. എ കെ ആന്റണി പറഞ്ഞത് ശരിയായ കാര്യമാണ്. ഭൂരിപക്ഷത്തേയും ന്യൂനപക്ഷത്തേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സിപിഐഎമ്മാണ് വര്‍ഗീയതയെ അനുകൂലമാക്കി നിര്‍ത്തുന്നത്. മൃദു ഹിന്ദുത്വ സമീപനം എന്നൊരു സമീപനം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് സജി ചെറിയാന് മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് തീരുമാനം എടുത്തത്. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടത്താനാണ് ധാരണ. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. സജി ചെറിയാന് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സിനിമാ സാംസ്കാരികവകുപ്പുകള്‍ തന്നെ നല്‍കാനാണ് ധാരണ.
ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിലായിരുന്നു സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നത്. കേസില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. എംഎല്‍എയെ അയോഗ്യനാക്കണമെന്ന് പറയുന്ന നിയമത്തിലെ വ്യവസ്ഥ ഏതാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പ്രഥമ ദൃഷ്ട്യാ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും കോടതി വിശദീകരിച്ചിരുന്നു.


