സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സമ്പൂര്‍ണ തകര്‍ച്ചയാണ് ജനം കാണുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് രാജി പ്രഖ്യാപിക്കും എന്നാണ് ജനം കരുതിയത്. ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ചത് പ്രത്യേക തരം ക്യാപ്സൂള്‍ ആണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
എം ശിവശങ്കര്‍ കള്ളപ്പണ കേസില്‍ അഞ്ചാം പ്രതിയാണ്. ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി. ഭരണവും പാര്‍ട്ടിയും ട്രിപ്പ് ഇട്ട് കിടക്കുന്ന അവസ്ഥയാണ്. പിണറായി വിജയന്റെ ഭരണത്തില്‍ പാര്‍ട്ടി ഇന്ന് ശരശയ്യയിലാണ്. പാര്‍ട്ടിക്കോ, ഭരണത്തിനോ കൂടുതല്‍ ദുര്‍ഗന്ധം എന്ന് മാത്രമാണ് സംശയം.
ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ എല്ലാം കെട്ടിവച്ച് രക്ഷപെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലാവ്ലിനിലും പിണറായി ചെയ്തത് ഇത് തന്നെയാണ്. ഇഡിയുടെ റിപ്പോര്‍ട്ടില്‍ സ്വര്‍ണ്ണക്കടത്തിലെ ശിവശങ്കറിന്റെ സഹായം വ്യക്തമാണ്. ശിവശങ്കറിന്റെ സഹായം എന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമാണ്. ഇതില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം ഇല്ലേ? മുഖ്യമന്ത്രി തുടര്‍ച്ചയായി കള്ളം പറയുന്നു. മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണ്. സ്പ്രിംഗ്ളര്‍, ബെവ്കോ, പമ്പ മണല്‍കടത്ത്, ഇ മൊബിലിറ്റി, ലൈഫ് മിഷന് അഴിമതികള്‍ എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ശിവശങ്കര്‍ ചെയ്തതാണ്. മുഖ്യമന്ത്രിക്കെതിരെയുള്ള യുദ്ധം യുഡിഎഫ് മുന്നോട്ട് കൊണ്ടുപോകും. എല്ലാ അഴിമതി ആരോപണങ്ങളിലും ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു.
ബിജെപി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു സര്‍ക്കാരുകളെ അട്ടിമറിക്കുന്നു എന്നത് സത്യം തന്നെയാണ്. പക്ഷേ ആരാണ് കേരളത്തില്‍ കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ചുകൊണ്ടുവന്നത്. എന്നിട്ടും അന്വേഷണ ഏജന്‍സികള്‍ക്ക് മുഖ്യമന്ത്രി നല്‍കുന്നത് ഗുഡ് സര്‍ട്ടിഫിക്കറ്റ്.
ഐ ഫോണിന്റെ തന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു. ഐ ഫോണുകള്‍ ആര്‍ക്കെല്ലാം കിട്ടിയെന്നത് അന്വേഷിക്കണം എന്ന ആവശ്യത്തിന് ഇതുവരെയും മറുപടിയില്ല. ഏറ്റവും വിലപിടിപ്പുള്ള ഫോണ്‍ ആര്‍ക്കാണ് കിട്ടിയത്. മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും. ഈ സര്‍ക്കാര്‍ ഒരു ഭാരമായി മാറി. സ്വര്‍ണ്ണകള്ളക്കടത്തില്‍ പങ്കുള്ള കൂടുതല്‍ പേര് മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. ഇനിയും കൂടുതല്‍ ആളുകള്‍ കുടുങ്ങുമെന്നും ചെന്നിത്തല പറഞ്ഞു.


