കരുവന്നൂര്‍ ബാങ്കില്‍ ലക്ഷങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കും ഒറ്റത്തവണ പിന്‍വലിക്കാനാകുക 10,000 രൂപ മാത്രം. അതും ടോക്കണ്‍ ഉള്ളവര്‍ക്ക് മാത്രമാണ് പണം നല്‍കുക. തിയതി എഴുതി ബാങ്ക് നല്കുന്ന സ്ലിപ്പുമായി എത്തിയാല്‍ മാത്രം പണം ലഭിക്കും. ലക്ഷങ്ങള്‍ നിക്ഷേപമുള്ളവരും പണം വാങ്ങുന്നത് മണിക്കൂറുകള്‍ വരി നിന്നെടുത്ത ടോക്കണ്‍ കാണിച്ചാണ്. അതുകൊണ്ട് തന്നെ നിത്യവൃത്തിക്കും മരുന്നിനും കാശില്ലാതെ നിരവധി ആളുകളാണ് ദുരിതമനുഭവിക്കുന്നത്. മെഡിക്കല്‍ രേഖകള്‍ കാണിച്ചാലും കൂടുതല്‍ പണം നല്‍കാനാവില്ലെന്നാണ് നിബന്ധന.
ഏഴര ലക്ഷത്തിലധികം രൂപ ബാങ്കില്‍ നിക്ഷേപമുള്ളപ്പോഴാണ് മാപ്രണം സ്വദേശി പുഷ്പരാജ് ഭാര്യയുടെ കണ്ണ് ശസ്ത്രക്രിയക്കായി തുക പിന്‍വലിക്കാന്‍ ബാങ്കിനെ സമീപിച്ചത്. എന്നാല്‍ സ്ഥിരം പല്ലവിയായ പതിനായിരം രൂപയായിരുന്നു മറുപടി. കഴിഞ്ഞ ഏപ്രില്‍ പതിനായിരം കിട്ടി. ഓഗസ്റ്റിലാണ് അടുത്ത ഊഴം. പ്രവാസി ആയിരുന്ന കാലത്തുള്ള സമ്പാദ്യത്തിന്റെ മിച്ചം പിടിച്ച തുകക്ക് ഇനിയും എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്നാണ് പുഷ്പരാജന്‍ ചോദിക്കുന്നത്. ദൈനംദിന ജീവിതത്തിലെ പല ആവശ്യങ്ങള്‍ക്കും വഴിമുട്ടി നൂറു കണക്കിന് നിക്ഷേപകരാണ് കരുവന്നൂര്‍ ഉള്ളത്.
അതേസമയം കരുവന്നൂര്‍ ബാങ്കിലെ കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെക്കുറിച്ച് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം നല്കി. കാലാവധി അവസാനിച്ച സ്ഥിരനിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ എത്രപേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ജസ്റ്റിസ് ടി.ആര് രവിയുടേതാണ് ഉത്തരവ്.
ബാങ്ക് ഭരണസമിതി അംഗങ്ങള്‍ ചേര്‍ന്ന് സാധാരണക്കാരുടെ നിക്ഷേപങ്ങളില്‍ നിന്ന് 300 കോടിയിലേറെ തട്ടിയെടുത്തു എന്ന് കരുവന്നൂര്‍ ബാങ്കിനെ കുറിച്ച് ആക്ഷേപം ഉയര്‍ന്നിരുന്നു. തട്ടിയെടുത്ത തുക റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിക്ഷേപിച്ചു എന്നും ആരോപണം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ കോടതിയെ സമീപിച്ചത്.


