കാസര്‍ഗോഡ് കാഞ്ഞങ്ങാടിന് സമീപം കാറിടിച്ച് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. സിവില്‍ പൊലീസ് ഓഫിസര്‍ സൂരജിന്റെ വലതുകാലാണ് മുറിച്ച് മാറ്റിയത്. ഇദ്ദേഹത്തിന്റെ ഇടത്കാല് മുമ്പ് മുറിച്ച് മാറ്റിയിരുന്നു.
ഹൈവേ പട്രോളിങിനിടെയുണ്ടായ അപകടത്തിലാണ് സിപിഒമാരായ സൂരജ്, അലോഷ്യസ് മാത്യു എന്നിവര്‍ക്ക് കാലുകള്‍ നഷ്ടമായത്. ഇക്കഴിഞ്ഞ 18നാണ് അപകടം നടന്നത്. പട്രോളിങിനിടെ ഈ രണ്ട് ഉദ്യോഗസ്ഥരും പുറത്തിറങ്ങി നില്ക്കുമ്പോള് നിയന്ത്രണം വിട്ടുവന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരേയും ഉടമന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമെന്ന് കണ്ടതോടെ മാംഗ്ലൂര്‍ തേജസ്വനി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ 20-ാം തിയതിയാണ് രണ്ട് പൊലീസുകാരുടേയും ഇടത് കാലുകള്‍ മുറിച്ചുമാറ്റിയത്. ഇതിന് ശേഷമാണ് സൂരജിന്റെ വലതുകാല്‍ കൂടി മുറിച്ചുമാറ്റണമെന്ന് ഡോക്ടേഴ്സ് അറിയിച്ചത്. ഈ കാലിലും 70 ശതമാനത്തിലേറെ മുറിവേറ്റിരുന്നു. രണ്ടോളം ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും കാലിന് പരിഹരിക്കാനാകാത്ത വിധത്തില്‍ പരുക്കുണ്ടായെന്ന വിലയിരുത്തലിലാണ് ഈ സങ്കടകരമായ തീരുമാനം. പരുക്ക് മറ്റ് അവയവങ്ങളെക്കൂടി ബാധിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഈ കാലും മുറിച്ചുമാറ്റേണ്ടിവന്നത്.


