സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹര്‍ജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷണം. സത്യപ്രതിജ്ഞാ ലംഘനം ഉണ്ടായോ എന്ന് കോടതിയ്ക്ക് പരിശോധിക്കാന്‍ ആകില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു. ഹര്‍ജി തള്ളണമെന്നും എജി ആവശ്യപ്പെട്ടു. നിയമ പ്രശ്നം സംബന്ധിച്ച് തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എജിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഓഗസ്റ്റ് 2 ന് പരിഗണിക്കാന്‍ മാറ്റി.
ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന് എംഎല്‍എ ആയി തുടരാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി പി ബിജുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി ഹര്‍ജിക്കാരന്റെ വാദങ്ങള്‍ സാധൂകരിക്കുന്ന, തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്‍കാല ഉത്തരവുകള്‍ അനുബന്ധ രേഖകള്‍ എന്നിവ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രസംഗത്തിന്റെ പേരില്‍ സജി ചെറിയാന് എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യന്‍ ആക്കാന്‍ നിയമപരമായി സാധിക്കില്ലെന്നായിരുന്നു എ ജി കോടതിയെ അറിയിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മല്ലപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിയില്‍ വെച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ മന്ത്രിയായിരിക്കെ സജി ചെറിയാന് പ്രസംഗിച്ചത്. മന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെ സജി ചെറിയാന് ഇനി എം എല്‍ എ ആയി തുടരാന്‍ ആകുമോ എന്നുള്ളതാണ് ഇപ്പോള്‍ പ്രധാന ചോദ്യം. ഹോണര്‍ ആക്ട് ലംഘിച്ചതിനാല്‍ സജി ചെറിയാന് ക്രിമിനല്‍ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എംഎല്‍എ സ്ഥാനവും രാജി വെക്കേണ്ടി വരുമെന്നും ചില നിയമ വിദഗ്ദ്ധര്‍ പറയുന്നു.


