വ്യാജ വീഡിയോ ഉണ്ടാക്കി തൃക്കാക്കരയിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെ അപമാനിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി. പാലക്കാട് സ്വദേശി ശിവദാസന്‍ ആണ് അറസ്റ്റിലായത്. കെടിഡിസി ജീവനക്കാരനായ ഇയാള്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ തൃക്കാക്കരയില്‍ അഞ്ച് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ വ്യാജ ഐ.ഡിയുണ്ടാക്കിയാണ് ഫേസ്ബുക്കില്‍ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
പ്രചാരണം മുറുകുന്നതിനിടെ തൃക്കാക്കരയിലെ പ്രധാന ചര്‍ച്ച ജോയ്ക്കെതിരായ വ്യാജ അശ്ലീല വീഡിയോ ആയിരുന്നു. പ്രചാരണത്തിന് പിന്നില്‍ യുഡിഎഫാണെന്ന് സിപിഎം ഇന്നലെ ആരോപിച്ചിരുന്നു. സൈബര്‍ ആക്രമണത്തിനെതിരെ ജോയുടെ ഭാര്യ ദയാ പാസ്ക്കല്‍ പ്രതികരണവുമായെത്തി.
‘ക്രൂരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണ്. വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ഇലക്ഷന് ശേഷവും ഞങ്ങള്‍ക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കണ്ടേ. എതിര് പാര്‍ട്ടിയിലെ നേതാക്കള്‍ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ..? ആരോഗ്യകരമായ മത്സരമല്ലേ വേണ്ടത്. ട്രോളുകള്‍ കാര്യമാക്കിയിരുന്നില്ല. കുടുംബത്തെ ബാധിച്ചപ്പോള്‍ പ്രതികരിക്കേണ്ടേ..?’ ദയാ പാസ്ക്കല്‍ ചോദിക്കുന്നു.
തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടമാണെന്ന് വ്യക്തമാക്കിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്, വ്യക്തിപരമായ ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. കുടുംബത്തെ പോലും ബാധിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണനും വ്യക്തമാക്കി.