മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല. ആറന്മുള ക്ഷേത്രത്തില്‍ നിന്നുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും. പെരുന്നാട് നിന്ന് രാവിലെ തങ്ക അങ്കിയുമായുള്ള രഥം ശബരിമലയിലേക്ക് തിരിച്ചു. നാളെ ഉച്ചയ്ക്ക് 12.30 നും 1 മണിക്കും ഇടയിലാണ് മണ്ഡല പൂജ.
തിരുവിതാംകൂര്‍ രാജകുടുംബം അയ്യപ്പന് സമര്‍പ്പിച്ച തങ്ക അങ്കി ചാര്‍ത്തിയുള്ള പൂജയാണ് ഈ ദിവസത്തെ പ്രത്യേകത. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ തങ്കയങ്കി ശബരിമല സന്നിധാനത്ത് കൊണ്ടുവരികയുള്ളൂ. മണ്ഡലപൂജയ്ക്ക് തലേ ദിവസം വൈകീട്ട് ദീപാരാധനക്കും മണ്ഡലപൂജ സമയത്തും മാത്രമേ തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തൂ. മൂന്ന് ദിവസം മുന്‍പാണ് ആറന്മുള്ള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്.
പെരുന്നാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നും ളാഹ സത്രവും പ്ലാപ്പള്ളിയും നിലയ്ക്കലും പിന്നിട്ട് ഉച്ചയോടെയാണ് ഘോഷയാത്ര പമ്പയിലെത്തുക. പമ്പയിലെ വിശ്രമത്തിന് ശേഷം മൂന്ന് മണിയോടെ ശരംകുത്തിയിലെത്തുന്ന യാത്രക്ക് തന്ത്രിയുടെ പ്രതിനിധികള്‍ ചേര്‍ന്ന് ആചാരപരമായ സ്വീകരണം നല്‍കും. തങ്കയങ്കിയും വഹിച്ച് മൂന്ന് ദിവസത്തെ പ്രായാണം പൂര്ത്തിയാക്കിയെത്തുന്നവരെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്ദഗോപനും ചേര്‍ന്ന് പതിനെട്ടാം പടിയില്‍ സ്വീകരിക്കും. തുടര്‍ന്ന് 6.30 നാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കുക.
രാത്രി നട അടക്കും വരെ ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് തങ്കയങ്കി ചാര്‍ത്തിയ അയ്യപ്പ വിഗ്രഹം കാണാം. നാളെ ഉച്ചക്ക് 12.30 നും ഒരു മണിക്കും ഇടയിലാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. നാളെ രാത്രി നടയടക്കുന്നതോടെ മണ്ഡലകാല തീര്‍ത്ഥാടനം അവസാനിക്കും. മൂന്നാം നാള് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നട തുറക്കുന്നതോടെ മകര വിളക്ക് ഉത്സവകാലത്തിനു തുടക്കമാകും. അതേസമയം തിരക്ക് കൂടുന്ന സമയങ്ങളില്‍ പമ്പ മുതല്‍ തീര്‍ത്ഥാടകരെ ഘട്ടം ഘട്ടമായി നിയന്ത്രിച്ചാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ഒരു ലക്ഷത്തിലേറെ ആളുകള്‍ ശബരിമലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മണ്ഡലപൂജയോട് അനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൊലീസും ദേവസ്വം ബോര്‍ഡും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ളവര്‍ ഇന്നലെ രാത്രിയോടെ സന്നിധാനത്ത് എത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.


