ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കിയ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കെ എന്‍ ബാലഗോപാല്‍. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലാണ് കത്തിടപാട് നടന്നത്. കത്തിന്റെ മെറിറ്റിലേക്ക് കടന്ന് പ്രതികരിക്കുന്നത് ഉചിതമല്ലെന്നും ധനമന്ത്രി പ്രതികരിച്ചു.
‘കത്ത് കണ്ടിട്ടില്ല. മുഖ്യമന്ത്രിയും ഗവര്‍ണറും രണ്ടു പേരും സംസ്ഥാനത്ത് പ്രധാനപ്പെട്ട ഭരണഘടനാ ചുമതലകളില്‍ ഇരിക്കുന്ന വ്യക്തികളാണ്. അതുകൊണ്ട് തന്നെ ഭരണഘടനാ നിയമങ്ങളനുസരിച്ചായിരിക്കും കാര്യങ്ങള്‍ നടക്കുക. ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല’, കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.
ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്നും സ്ഥാനത്ത് നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ അടുത്ത അസാധാരണ നടപടി.
ഗവര്‍ണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നല്കി. ആരോപണത്തിന് ആധാരമായ ധനമന്ത്രിയുടെ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി നല്കിയ മറുപടിയില്‍ പറയുന്നു. ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്.


