പോലീസ് സംവിധാനത്തിന്റെ പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളിലും സാങ്കേതിക മേഖലയിലുമുള്ള വികസനത്തില്‍ വന്‍ മുന്നേറ്റം. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഇന്ന് നിരവധി പുതിയ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തൃശൂരില്‍ ആധുനിക സംവിധാനങ്ങളോട് കൂടിയ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം, 34500 ചതുരശ്ര അടിയില്‍ 9 കോടി രൂപ ചിലവില്‍ കണ്ണൂര്‍ പോലീസ് ആസ്ഥാനത്തിന്റെ നിര്‍മ്മാണം തുടങ്ങി നിരവധി പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കുമെന്ന് മുഖ്യമന്ത്രി ഫെയസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി:
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:
പോലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലും വലിയ മുന്നേറ്റമാണ് ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഇന്ന് (26-10-2020) നിരവധി പുതിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
തൃശൂര്‍ ജില്ലയിലെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം, ആലപ്പുഴ കോട്ടയം എന്നിവിടങ്ങളിലെ ജില്ലാതല പോലീസ് പരിശീലനകേന്ദ്രങ്ങള്‍, ഇടുക്കി ജില്ലയിലെ മുട്ടം, കുളമാവ് എന്നിവിടങ്ങളിലെ പുതിയ പോലീസ് സ്റ്റേഷന് കെട്ടിടങ്ങള്‍, പോലീസ് ആസ്ഥാനത്തെ ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് പരിശീലന കേന്ദ്രം, പോലീസ് സ്റ്റുഡിയോ റൂം, തിരുവനന്തപുരത്തെ റെയില്‍വേ പോലീസ് കണ്ട്രോള് റൂം എന്നിവയുടെ ഉദ്ഘാടനവും കണ്ണൂര്‍ സിറ്റി പോലീസ് കോംപ്ളക്സിന്റെ നിര്‍മ്മാണോദ്ഘാടനവും ആണ് ഇന്ന് നടക്കുന്നത്.
തൃശൂരില്‍ ആരംഭിക്കുന്ന ആധുനിക സംവിധാനങ്ങളോട് കൂടിയ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനത്തിന്റെ ചിലവ് 94 ലക്ഷം രൂപയാണ്. ഒരേ സമയം അറുപതിലധികം പേര്‍ക്ക് പങ്കെടുക്കാവുന്ന പരിശീലന കേന്ദ്രങ്ങളും മികച്ച സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. 240 ലക്ഷം രൂപയാണ് പരിശീലന കേന്ദ്രങ്ങളുടെ നിര്‍മ്മാണച്ചെലവ്. 34500 ചതുരശ്ര അടിയില്‍ 9 കോടി രൂപ ചിലവില്‍ ആണ് കണ്ണൂര്‍ പോലീസ് ആസ്ഥാനത്തിന്റെ നിര്‍മ്മാണം നടക്കാന്‍ പോകുന്നത്. അടിസ്ഥാനസൗകര്യങ്ങളിലും സാങ്കേതികമേഖലയിലുമുള്ള ഈ വികസനം പോലീസ് സംവിധാനത്തിന്റെ പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നതാണ്.
പിണറായി വിജയന്
മുഖ്യമന്ത്രി


