കേരളത്തില്‍ തുടര്‍ ഭരണം കിട്ടുമെന്ന കാര്യത്തില്‍ പ്രതീക്ഷ മങ്ങി സിപിഎം. പല സിറ്റിംഗ് സീറ്റുകളും വിജയിക്കുമെന്ന് പ്രതീക്ഷിച്ച മണ്ഡലങ്ങളിലും കനത്ത പരാജയം നേരിടും എന്നും വോട്ടെടുപ്പിന് ശേഷമുള്ള വിലയിരുത്തല്‍. കാര്യങ്ങള്‍ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ തുടങ്ങി ആദ്യം കരുതിയ പോലെ അല്ല എന്നും സര്‍വേ ഫലങ്ങള്‍ക്കപ്പുറം അവസാന ലാപ്പില്‍ മുന്‍തൂക്കം നഷ്ടമായെന്നും സിപിഎം നേതൃത്വം.
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കപ്പെടുന്ന കോട്ടയം ജില്ലയില്‍ ഉള്‍പ്പെടെ ശക്തമായ പോരാട്ടം നടന്നുവെന്ന്് സിപിഎം വിലയിരുത്തല്‍. തദേശ തിരഞ്ഞെടുപ്പിലെ നേട്ടം കേരള കോണ്‍ഗ്രസ് എമ്മിന് ആവര്‍ത്തിക്കാനാകില്ലെന്ന നിരാശാജനകമായ റിപ്പോര്‍ട്ട്. പല സിറ്റിംഗ് സീറ്റുകളിലുള്‍പ്പെടെ വലിയ അടിയൊഴുക്കുകള്‍ സംഭവിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് നേതൃത്വം.
140 മണ്ഡലങ്ങള്‍ 28 മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടം ആണ് നടന്നതെന്നും അതില്‍ വിജയം ഉറപ്പില്ലെന്നും സിപിഎം നേതൃത്വം വിലയിരുത്തുന്നു. ഈ മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും പരാജയം സംഭവിച്ചാല്‍ സിപിഎം കടുത്ത തകര്‍ച്ച നേരിടും.
കണ്ണൂര്‍ ജില്ലയില്‍ അഴീക്കോടും കൂത്തുപറമ്പും കിട്ടില്ല എന്ന് സിപിഎം വിലയിരുത്തുന്നു. നിലവില്‍ കൈവശം ഉണ്ടായിരുന്ന കണ്ണൂരും നഷ്ടമാകും. പേരാവൂരും ഇരിക്കൂറും അടക്കം കണ്ണൂരില്‍ 5 സീറ്റുകള്‍ യുഡിഎഫ് പിടിക്കുമ്പോള്‍ കയ്യില്‍ ഉണ്ടായിരുന്ന രണ്ടും കൂടി നഷ്ടമാവുകയാണ് ഇടതു പക്ഷത്തിന്. അഴീക്കോട് യുവ നേതാവ് കെവി സുമേഷിനെയാണ് സിപിഎം മത്സരിപ്പിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കിലും അവസാന വിജയം തങ്ങള്‍ക്ക് ഒപ്പമാണെന്നാണ് സിപിഎം വിലയിരുത്തല്‍. അതേസമയം കൂത്തുപറമ്പില്‍ ഇത്തവണ വലിയ പ്രതീക്ഷ ഇടതു മുന്നണിക്കില്ല. എല്‍ഡിഎഫില്‍ എല്‍ജെഡിയുടെ കെപി മോഹനനാണ് സ്ഥാനാര്‍ത്ഥി. മുസ്ലീം ലീഗിനായി പൊട്ടങ്കണ്ടി അബ്ദുള്ളയും മത്സരിച്ചു.
കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി സീറ്റുകളുടെ കാര്യങ്ങള്‍ പ്രവചനാതീതമാണെന്നാണ് സിപിഎം വിലയിരുത്തല്‍. അതേസമയം കേരള കോണ്‍ഗ്രസ് എമ്മിന്റെ സാന്നിധ്യം മണ്ഡലം നിലനിര്‍ത്താന്‍ സഹായുക്കുമെന്ന പ്രതീക്ഷയും സിപിഎം പുലര്‍ത്തുന്നുണ്ട്.
മലപ്പുറം ജില്ലയില്‍ പൊന്നാനി, നിലമ്പൂര്‍, മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളില്‍ ഇത്തവണ നേരിയ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കാനാകുമെന്നാണ് ഇടതു പ്രതീക്ഷ. പൊന്നാനിയില്‍ ഇത്തവണ മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തുടക്കത്തില്‍ അനിശ്ചിതത്വം നിറഞ്ഞതായിരുന്നു. എല്‍ഡിഎഫില്‍ പി നന്ദകുറമാറിന്റ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിത്വം വന്‍ കോളിളക്കത്തിന് വഴിവെച്ചെങ്കിലും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മണ്ഡലത്തില്‍ വിജയം ഇടതു മുന്നണി പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം പിവി അന്‍വറിന്റെ നിലമ്പൂരില്‍ ഇത്തവണ കടുത്ത മത്സരത്തിനാണ് വഴിയൊരുങ്ങിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ അട്ടിമറികള്‍ ആവര്‍ത്തിക്കാനായാല്‍ നിലമ്പൂരില്‍ അന്‍വറിന് രണ്ടാം ടേം പ്രതീക്ഷിക്കാം. കഴിഞ്ഞ തവണ വെറും അഞ്ഞൂറോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ട പെരിന്തല്‍മണ്ണയില്‍ മുന്‍ ലീഗ് നേതാവ് കെപി മുഹമ്മദ് മുസ്തഫയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിറ്റിംഗ് സീറ്റില്‍ നജീബ് കാന്തപുരത്തെയാണ് ലീഗ് ഇറക്കിയത്. ശക്തമായ മത്സരമാണ് ഇവിടെ നേരിട്ടതെന്നും വിലയിരുത്തല്‍. പെരിന്തല്‍മണ്ണ വിട്ട് മഞ്ഞളാംകുഴി അലി മത്സരിക്കുന്ന മങ്കടയിലും കനത്ത പോരാട്ടമാണ് നടന്നത്.
അതേസമയം വികെ ഇബ്രാഹിംകുഞ്ഞിന്റെ കളമശേരിയില്‍ പി രാജീവിലൂടെ മത്സരം കടുപ്പിച്ചുവെങ്കിലും വിജയ പ്രതീക്ഷ പുലര്‍ത്തുന്നില്ല. കോതമംഗലത്തും മത്സരം പ്രവചനാതീതമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റോഷി അഗസ്റ്റിന്റെ ഇടുക്കിയില്‍ കാറ്റ് ഇടത്തേക്ക് വീശുമോയെന്നാണ് ഉറ്റു നോക്കപ്പെടുന്നത്. യുഡിഎഫിനായി അഡ്വ കെ ഫ്രാന്‍സിസ് ജോര്‍ജ് ആണ് മത്സരിച്ചത്.
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കപ്പെടുന്ന കോട്ടയം ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടം നടന്നുവെന്നാണ് സിപിഎം വിലയിരുത്തല്‍. പാലാ, ചെങ്ങന്നൂര്‍, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നേരിയ ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കാനായാല്‍ അത് എല്‍ഡിഎഫ് വിജയത്തിന് തിളക്കം കൂട്ടും.
കഴിഞ്ഞ തവണ 9 ല്‍ 8 മണ്ഡലങ്ങളും പിടിച്ച് വിജയിച്ച ആലപ്പുഴ ജില്ലയിലെ 5 മണ്ഡലങ്ങളില്‍ അന്തിമ നിമിഷം അട്ടിമറി ഉണ്ടായേക്കുമോയെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ജി സുധാകരന്റെ അമ്പലപ്പുഴ, പ്രതിഭയുടെ കായംകുളം, ചേര്‍ത്തല, അരൂര്‍, കുട്ടനാട് എന്നിവയാണ് തിരിച്ചടി നേരിടുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങള്‍.
തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട വടക്കാഞ്ചേരി ഇത്തവണ പിടിച്ചെടുക്കാനാകുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. എല്‍ഡിഎഫിന് സ്വാധീനമുള്ള മണ്ഡലത്തില്‍ 43 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അനില്‍ അക്കര 2016 ല്‍ വിജയിച്ച് കയറിയത്. യുവ നേതാവ് സേവ്യര്‍ ചിറ്റിലപ്പള്ളിയാണ് ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ജില്ലയിലെ മറ്റൊരു മണ്ഡലമായ ഇരിങ്ങാലക്കുടയില്‍ ശ്രദ്ധേയമായ മത്സരം കാഴ്ചവെയ്ക്കാനായെന്ന് സിപിഎം വിലയിരുത്തുന്നു.
സംസ്ഥാനം ഏറെ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന തൃപ്പൂണിത്തറയില്‍ എം സ്വരാജിന്റെ വിജയം സിപിഎം ഉറപ്പിക്കുന്നില്ല. ഇവിടെ ബിജെപി കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് മറിച്ചാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞേക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
പത്തനംതിട്ടയില്‍ ആറന്മുള, റാന്നി മണ്ഡലങ്ങളും കൊല്ലം ജില്ലയില്‍ കൊല്ലം, കുണ്ടറ എന്നിവിടങ്ങളിലും തിരുവനന്തപുരത്ത് നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കഴക്കൂട്ടം മണ്ഡലങ്ങളിലും ഇത്തവണ കടുത്ത മത്സരത്തിനാണ് വഴിവെച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം ഈ 28 മണ്ഡലങ്ങളില്‍ 10 എണ്ണം ലഭിച്ചാല്‍ തന്നെ മാന്ത്രിക സംഖ്യയായ 71 കടക്കുമെന്നും ഭരണ തുടര്‍ച്ച ഉറപ്പാണെന്നും സിപിഎം കരുതുന്നു.
2016 ല്‍ 91 സീറ്റുകള്‍ നേടിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഇത്തവണയും ഭരണ തുടര്‍ച്ചയെന്ന് ഉറപ്പിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. എന്നാല്‍ പല സിറ്റിംഗ് സീറ്റുകളിലും വലിയ അടിയൊഴുക്കുകള്‍ സംഭവിച്ചിട്ടുണ്ടെന്ന വിലയിരുത്തല്‍ നേതൃത്വത്തിന് ഉണ്ട്. അങ്ങനെയെങ്കില്‍ 61 സീറ്റുകളില്‍ കണ്ണും പൂട്ടി വിജയിക്കാനാകുമെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു.


