കൊവിഡ് പ്രതിരോധത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സ്പ്രിംക്ലര്‍ സോഫ്ട് വെയര്‍ സര്‍ക്കാര്‍ തന്നെ വേണ്ടെന്ന് വച്ചു. കമ്പനിയുമായുള്ള 6 മാസത്തെ കരാര്‍ ഇന്ന് അവസാനിക്കവേയാണ് കരാര്‍ തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്. സംസ്ഥാനത്തിന് ആറ് മാസം സ്പ്രിംക്ലര്‍ കമ്പനി സൗജന്യ സേവനം നല്‍കുമെന്നും അതിന് ശേഷം കൂടുതല്‍ സേവനങ്ങള്‍ ആവശ്യമെങ്കില്‍ സംസ്ഥാനം ആവശ്യപ്പെട്ടാല്‍ തുടരാമെന്നും ഇതിന് ഒരു നിശ്ചിത നിരക്ക് ഈടാക്കുമെന്നുമായിരുന്നു നേരത്തെ കരാരില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ആറ് മാസം പൂര്‍ത്തിയായതോടെ ഇനി സ്പ്രിംക്ലറുമായി സഹകരണം തുടരേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
കൊവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ കരാറായിരുന്നു സ്പ്രിംക്ലര്‍. എന്നാല്‍ സ്പ്രിംക്ലറിന്റെ സോഫ്ട് വെയര്‍ ഒരു തവണ പോലും കൊവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചിട്ടില്ലം. ആദ്യ ഘട്ടത്തില്‍ ഒന്നേമുക്കാല്‍ ലക്ഷത്തോളം രോഗികളുടെ വിവരങ്ങളായിരുന്നു ശേഖരിച്ചിരുന്നത്. പിന്നീട് കരാര്‍ വിവാദമാകുകയും ഹൈക്കോടതി ഇടപെട്ട് ശേഖരിച്ച വിവരങ്ങള്‍ സി- ഡിറ്റിന് കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സി-ഡിറ്റോ സ്പ്രിംക്ലറോ ഇതുവരേയും വിവരങ്ങളുടെ ഫലപ്രദമായ യാതൊരു ഉപയോഗവും നടത്തിയിട്ടില്ലെന്നാണ് വിവരം. ഫലത്തില്‍ കോടികള്‍ ചിലവിട്ട കരാര്‍ വെറുതെയായെന്ന് ചുരുക്കം.


