ജോസഫ് എം. പുതുശേരി കേരളാ കോണ്‍ഗ്രസ് വിട്ടു. ജോസ് കെ. മാണി പക്ഷത്തുനിന്ന് മാറി. യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്കു നീങ്ങാനുള്ള ജോസ് കെ മാണിയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് പുതുശേരി പാര്‍ട്ടി വിടുന്നത്. പാര്‍ട്ടി വിട്ടുവെങ്കിലും ഏത് പാര്‍ട്ടിയിലേക്ക് പോകുമെന്ന കാര്യം ജോസഫ് എം. പുതുശേരി വെളിപ്പെടുത്തിയിട്ടില്ല. യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഏത് പാര്‍ട്ടിയിലേയ്ക്കെന്ന് തീരുമാനിച്ചിട്ടില്ലെന്നും ജോസഫ് എം പുതിശേരി പറഞ്ഞു. കൂടുതല്‍ പേര് പാര്‍ട്ടി വിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എല്‍ഡിഎഫ് നീക്കത്തോട് യോജിപ്പില്ല. പൊതുജീവിതത്തിലുടനീളം യുഡിഎഫ് നിലപാടിനോടൊപ്പം നിന്ന വ്യക്തിയാണ്. ഇതി തുടര്‍ന്നും അതിനോടൊപ്പം ചേര്‍ന്ന് നില്ക്കാന് തന്നെയാണ് താത്പര്യം’- ജോസഫ് എം. പുതുശേരി പറയുന്നു. ഇതു സംബന്ധിച്ച് കോണ്‍ഗ്രസുമായും ജോസഫ് ഗ്രൂപ്പുമായും പുതുശേരി പ്രാഥമിക ചര്‍ച്ച നടത്തി. കഴിഞ്ഞതവണ തിരുവല്ല സീറ്റില്‍ പരാജയപ്പെട്ട അദ്ദേഹം പത്തനംതിട്ട ജില്ലയില്‍ നിയമസഭാ സീറ്റിന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഉപാധികളില്ലാതെ യുഡിഎഫിനൊപ്പം നില്ക്കാന് പുതുശേരി തയാറാകുകയാണെന്നു ജോസഫ് ഗ്രൂപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.


