ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഒഴിവു വന്ന മൂന്ന് ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഭഗവന്ത് മാന്‍ രാജിവച്ച സംഗ്രൂര്‍, സമാജ് വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജിവച്ച ഉത്തര്‍പ്രദേശിലെ അസംഗര്‍, യുപിയിലെ മറ്റൊരു സീറ്റായ റാംപുര്‍ എന്നിവിടങ്ങളിലാണു വോട്ടെടുപ്പ്. ആറു സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ സീറ്റുകളിലേക്കും ഇന്നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 26ന് നടക്കും.
ഡല്‍ഹിയിലെ രജീന്ദര്‍ നഗര്‍, ജാര്‍ഖണ്ഡിലെ മന്ദര്‍, ആന്ധ്രാപ്രദേശിലെ ആത്മകൂര്‍, ത്രിപുരയിലെ അഗര്‍ത്തല, ടൗണ്‍ ബോര്‍ഡോവാലി, സുര്‍മ, ജബരാജ് നഗര്‍ എന്നിവയാണ് ഏഴ് നിയമസഭാ സീറ്റുകള്‍. സംഗ്രൂര്‍ ലോക്സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി കേവല്‍ ധില്ലനാണ്, ആം ആദ്മി പാര്‍ട്ടിയുടെ ഗുര്‍മെയില്‍ സിംഗും, കോണ്‍ഗ്രസില്‍ ദല്‍വീര്‍ സിംഗ് ഗോള്‍ഡിയുമാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍. ഭഗവന്ത് മാന്‍ മുഖ്യമന്ത്രിയായതിന് ശേഷം ഒഴിവ് വന്ന സീറ്റാണ് സംഗ്രൂറിലേത്.
എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഒഴിഞ്ഞ അസംഗഢില്‍ ബിജെപി നിരാഹുവവെയും, ബഹുജന്‍ സമാജ് പാര്‍ട്ടി ഗുഡ്ഡു ജമാലിക്കിനെയും രംഗത്തിറക്കുകയാണ്. അസംഖാന്റെ മുന്‍ മണ്ഡലമായ രാംപൂരില്‍ അസിം റാസയാണ് ബിജെപിക്കെതിരെ മത്സരിക്കുന്നത്. ഘനശ്യാം ലോധിയാണ് ഈ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി. അതേസമയം കോണ്‍ഗ്രസ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നില്ല.
ത്രിപുരയില്‍ ടൗണ്‍ ബോര്‍ഡോവാലിയിലാണ് മുഖ്യമന്ത്രി മണിക് സാഹ മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ ആശിഷ് കുമാര്‍ സാഹയാണ് മുഖ്യ എതിരാളി. അഗര്‍ത്തലയില്‍ മുന്‍ ബിജെപി എംഎല്‍എ സുദീപ് റോയ് ബര്‍മ്മനെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഡോ അശോക് സിന്‍ഹയും, സിപിഎം സ്ഥാനാര്‍ത്ഥി കൃഷ്ണ മജുംദറുമാണ്.
ആന്ധ്രാപ്രദേശിലെ ആത്മകൂറില്‍ വൈ.എസ്.ആര് കോണ്‍ഗ്രസ് വിക്രം റെഡ്ഡിയെ മത്സരിപ്പിക്കും. ഗൗതം റെഡ്ഡിയുടെ സഹോദരനാണ് മത്സരിക്കുന്ന വിക്രം റെഡ്ഡി. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജി ഭരത് കുമാര്‍ യാദവാണ്. അതേസമയം ടിഡിപി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.
ജാര്‍ഖണ്ഡിലെ മന്ദറില്‍ കോണ്‍ഗ്രസ് ടിര്‍ക്കിയുടെ മകള്‍ ശില്പി നേഹയെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ബിജെപി ഗംഗോത്രി കുജൂരിനെയാണ് മത്സരിപ്പിക്കുന്നത്.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി ബന്ധു തിര്‍ക്കി ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ സീറ്റ് ഒഴിവ് വന്നത്.
ഡല്‍ഹിയിലെ രജീന്ദര്‍ നഗര്‍ സീറ്റില്‍ ബിജെപി മുന്‍ കൗണ്‍സിലര്‍ രാജേഷ് ഭാട്ടിയയ്ക്കും കോണ്‍ഗ്രസിന്റെ പ്രേംലതയ്ക്കുമെതിരെ ദുര്‍ഗേഷ് പഥക്കിനെയാണ് എഎപി സ്ഥാനാര്‍ത്ഥിയാക്കിയത്. എഎപിയുടെ രാഘവ് ഛദ്ദ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടതായി വന്നത്.