ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഎം സിപിഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും. നിലപാട് വിറ്റ് ബിജെപിയില്‍ എത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന് എന്ന് ദേശാഭിമാനി പറയുന്നു. എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണ് ഗവര്‍ണര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ജയിന് ഹവാലയിലെ മുഖ്യപ്രതി ആണ്. ജയിന് ഹവാല കേസില്‍ കൂടുതല്‍ പണം പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്. ഈ വ്യക്തിയാണ് അഴിമതി ഇല്ലാത്ത ഇടതുപക്ഷത്തിനെതിരെ രംഗത്തെത്തുന്നത്.
ബിജെപിയുടെ കൂലിപ്പടയാളിയായി ഗവര്‍ണര്‍ അസംബന്ധ നാടകം കളിക്കുകയാണ്. വിലപേശി കിട്ടിയ സ്ഥാനങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മതിമറന്നാടുന്നുവെന്നും ദേശാഭിമാനിയിലെ മുഖ പ്രസംഗവും ലേഖനവും പറയുന്നു.
അതേസമയം ഗവര്‍ണര്‍ മനോ നില തെറ്റിയപോലെ പെരുമാറുന്നു എന്നാണ് സിപിഐ മുഖ പത്രമായ ജനയുഗത്തിന്റെ വിമര്‍ശനം. ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന് രാജ്ഭവനെ ഉപയോഗിക്കുന്നു. ഗവര്‍ണര്‍ എന്ന വാക്കിനോട് നീതി കാണിക്കാതെ പുലഭ്യം പറയുന്നു. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ധൂര്‍ത്ത് ആരോപിക്കുന്നു. ഗവര്‍ണരുെട ചെലവ് എന്തെന്ന് വെബ്സൈറ്റ് പറയും. ഓരോ മാസവും ഗവര്‍ണര്‍ സംവിധാനത്തിനായി കോടികള്‍ ചെലവാക്കുകയാണെന്നും ജനയുഗം പറയുന്നു.
ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ട് ലേഖനങ്ങളാണ് ദേശാഭിമാനി എഴുതിയിരിക്കുന്നത്. മുസ്ലിം ഉന്മൂലനം ലക്ഷ്യമിടുന്ന പാര്‍ട്ടിയുടെ പിന്നാമ്പുറത്തു നടന്ന് വിലപേശി ഒരു രാഷ്ട്രീയ നേതാവിന്റെ പതനത്തിന്റെ അവസാന അധ്യായമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് ദേശാഭിമാനി പറയുന്നു. ഗവര്‍ണര്‍ പുലഭ്യം പറഞ്ഞ് രാജ്ഭവനെ മലിനമാക്കുന്നു. അതൊരു ഗുണ്ടാ രാജ്ഭവനായി മാറിയിരിക്കുന്നു. ഏറ്റവും വലിയ ധൂര്‍ത്താണ് രാജ്ഭവനില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നും ജനയുഗം കുറ്റപ്പെടുത്തുന്നു.
ഗവര്‍ണര്‍ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് രംഗത്തുവന്നു. ചരിത്ര കോണ്‍ഗ്രസിലെ പഴയ ഓര്മ എന്ന കുറിപ്പോടെയാണ് പഴയ പ്രസംഗം വിഡിയോ സഹിതം ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഭരണഘടന സംരക്ഷിക്കാനുള്ള പൗരധര്‍മമാണ് ചരിത്ര കോണ്‍ഗ്രസില്‍ ചെയ്തതെന്ന് കെ കെ രാഗേഷ് കുറിപ്പില്‍ പറഞ്ഞു.


