മകന് കുടുങ്ങുമെന്ന് കണ്ടപ്പോള്‍ മതഗ്രന്ഥത്തെ മറയാക്കിയുള്ള കോടിയേരി ബാലകൃഷ്ണന്റെ നീക്കം കേസ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിലായപ്പോള്‍ കോടിയേരി മൗനം പാലിച്ചു. മകന് ലഹരി കടത്തില്‍ കുടുങ്ങുമെന്നായപ്പോള്‍ രംഗത്ത് വന്നു. പച്ചയ്ക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും ചെന്നിത്തല ആരോപിച്ചു.
വര്‍ഗീയത ഇളക്കിവിടാനുള്ള നീചമായ ശ്രമമാണ് കോടിയേരി ബാലകൃഷ്ണന് നടത്തുന്നത്. സ്വര്‍ണക്കടത്ത് ചര്‍ച്ച വഴിതിരിച്ചു വിടുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. ജനങ്ങളെ ഒന്നിച്ചു നിര്‍ത്തേണ്ട മുഖ്യമന്ത്രി വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണ്. ജലീലിന്റെ രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് ജന്മഭൂമിയില് എഴുതിയ ലേഖനത്തില്‍ കെ. സുരേന്ദ്രനും ആവശ്യപ്പെട്ടു. മുസ്ലീംസമുദായത്തിന്റെ വികാരം വ്രണപ്പെടുത്തി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുഖംരക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.
അതേസമയം, ലീഗ് മുഖപത്രം ചന്ദ്രിക എഡിറ്റോറിയലിലൂടെ ആഞ്ഞടിച്ചു. മതം മറയാക്കി തടിതപ്പേണ്ടെന്നും കോടിയേരിയുടെ നടപടി മതവിരുദ്ധമാണെന്നും ചന്ദ്രിക എഡിറ്റ് പേജില്‍ കുറ്റപ്പെടുത്തുന്നു. കള്ളക്കടത്ത് മറയ്ക്കാന്‍ ഖുര്‍ആനെ മറയാക്കുന്നത് ശരിയാണോയെന്ന് സിപിഐഎം ആത്മപരിശോധന നടത്തണമെന്നും എഡിറ്റോറിയല്‍ ആവശ്യപ്പെടുന്നു.


