ഇടത് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയറിയിച്ച് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എംബി മുരളീധരന്. തൃക്കാക്കരയില്‍ ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് ചുവട് മാറ്റം. എം ബി മുരളീധരനെ എം സ്വരാജിന്റെ നേതൃത്വത്തില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തൃക്കാക്കരയില്‍ ഇടത് മുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് എം ബി രാജേഷ് വ്യക്തമാക്കി. തീരുമാനം നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും ഉടന്‍ കോണ്‍ഗ്രസ് വിടും. കോണ്‍ഗ്രസിലും UDF ലും പ്രതീക്ഷ നഷ്ടപ്പെട്ടു. കോണ്‍ഗ്രസില്‍ തമ്മിലടി മാത്രമാണുള്ളത്. അവര്‍ക്ക് ജനങ്ങളുടെ ക്ഷേമത്തിലോ നാടിന്റെ വികസനത്തിലോ താത്പര്യമില്ല. പ്രവര്‍ത്തകരെ പുകച്ചു ചാടിക്കുക മാത്രമാണ് കെ സുധാകരന്റെ ലക്ഷ്യം. പ്രവര്‍ത്തകരോടും നേതാക്കളോടും മോശമായി പെരുമാറുകയാണ് സുധാകരന്. സുധാകരന് മറ്റെന്തോ ലക്ഷ്യമാണുള്ളത്. തൃക്കാക്കരയില്‍ LDF വിജയം അനിവാര്യമാണ്. താന്‍ LDF വിജയത്തിനായി രംഗത്തിറങ്ങുമെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അതൃപ്തി അറിയിച്ച ശേഷമുള്ള ഡിസിസി സമീപനം ശരിയായിരുന്നില്ല. പ്രതിപക്ഷ നേതാവിന്റേത് ജനാധിപത്യ വിരുദ്ധമായ സമീപനമാണ്. ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് തന്നെ നേരില്‍ കണ്ട് പിന്തുണ നേടി. അതിന്റെ അടിസ്ഥാനത്തില്‍ ഇടതു പക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകര്‍ക്ക് ആയിരുന്നു സീറ്റ് കൊടുക്കേണ്ടിയിരുന്നത്. അസ്വസ്ഥരായ ആളുകള്‍ ഇനിയും പാര്‍ട്ടിയിലുണ്ട്. അവര്‍ തുറന്നു പറയാതിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം സജീവ പ്രവര്‍ത്തകര്‍ക്ക് അവകാശപ്പെട്ടതാണെന്നും പിടിയുടെ കുടുംബത്തെ സഹായിക്കേണ്ടത് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ലെന്നുമാണ് അന്ന് മുരളീധരന് തുറന്നടിച്ചത്. ഇതിന് പിന്നാലെ നേതാക്കളുടെ സമീപനം മോശമായിരുന്നുവെന്ന് മുരളീധരന് പറഞ്ഞു.


