ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് തുടരവേ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇടപെടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. തെരുവില്‍ കുട്ടികള്‍ തെറിവിളിക്കുന്നത് പോലെയാണ് ഇപ്പോഴത്തെ സ്ഥിതി. നാടിന്റെ സംസ്കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇരു കൂട്ടരുടെയും വാക്പോര്. ഭീഷണിയുണ്ടെന്ന് ഗവര്‍ണര്‍ പറയുന്നത് ഗൗരവമായി കാണണമെന്നും സുധാകരന് പറഞ്ഞു.
നാടിന്റെ സംസ്കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇരു കൂട്ടരുടെയും വാക്പോരെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഗവര്‍ണറെ പോലെയുള്ള ഉന്നതസ്ഥാനീയനെ ആക്ഷേപിക്കുന്നത് അപമാനകരമാണെന്നും എന്നാല്‍ അദ്ദേഹം ഇടതുപക്ഷത്തിന് മുമ്പ് വഴങ്ങി കൊടുത്തിട്ടുണ്ടെന്നും സുധാകരന് പറഞ്ഞു. തനിക്ക് ഭീഷണി ഉണ്ടെന്ന ഗവര്‍ണര്‍ പറയുന്നത് ഗൗരവമായി കാണണമെന്നും ആവശ്യപ്പെട്ടു.
ഇപ്പോഴുള്ള ഗവര്‍ണര്‍- മുഖ്യമന്ത്രി പോര് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമാണെന്നും സാമാന്യ മര്യാദ ലംഘിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും വിഷയം നോക്കി നില്‍ക്കാതെ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. യൂണിവേഴ്സിറ്റിയില്‍ നടന്നതില്‍ പിന്‍വാതില്‍ നിയമനങ്ങളുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞത് ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കേന്ദ്രം ഇടപെടണമെന്നും സുധാകരന് പറഞ്ഞു.
മാധ്യമങ്ങളോട് ഗവര്‍ണര്‍ നിരന്തരം പ്രതികരിക്കുന്നതിലാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ തന്റെ കത്തിനും ഫോണ്‍ വിളിക്കും മറുപടി പറയാതെ മുഖ്യമന്ത്രി മാധ്യമങ്ങളോട് മാത്രം സംസാരിക്കുന്നു എന്നാണ് ഗവര്‍ണറുടെ വിമര്‍ശനം. സര്‍വ്വകലാശാലകളില്‍ ഇടപെടില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി അയച്ച കത്തുകള്‍ മറ്റന്നാള്‍ തലസ്ഥാനത്ത് പുറത്തു വിടുമെന്നാണ് ഗവര്‍ണറുടെ അടുത്ത ഭീഷണി.
മുഖ്യമന്ത്രി മറനീക്കി നേരിട്ട് പുറത്തുവന്നതില്‍ സന്തോഷമെന്നായിരുന്നു ഗവര്‍ണര്‍ ഇന്ന് പറഞ്ഞത്. കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസിനിടെയുണ്ടായ വധശ്രമത്തിന് പിന്നില്‍ മുഖ്യമന്ത്രിയെയും സംശയിച്ചാണ് ഗവര്‍ണറുടെ പ്രതികരണം. തന്റെ ശാരീരിക സ്ഥിതിയില്‍ ഭയമുണ്ടെന്ന് പറഞ്ഞ ഗവര്‍ണര്‍ ചരിത്ര കോണ്‍ഗ്രസില്‍ നടന്നതിന്റെ തെളിവുകള്‍ പുറത്തു വിടുമെന്നാണ് ഭീഷണി മുഴക്കുന്നത്. എന്നാല്‍ സ്വാഭാവികമായുണ്ടായ പ്രതിഷേധത്തെ ഗവര്‍ണര്‍ പെരുപ്പിച്ച് കാട്ടുന്നുവെന്നാണ് സിപിഎം മറുപടി. തെളിവ് പുറത്തു വിടാന്‍ പാര്‍ട്ടി സെക്രട്ടറി വെല്ലുവിളിച്ചു. മുഖ്യമന്ത്രിക്ക് പിന്നാലെ സിപിഎമ്മും ഗവര്‍ണറെ നേരിടാനുറച്ച് ഇറങ്ങുമ്പോള്‍ സമവായത്തിന്റെ ഒരു സാധ്യതയും മുന്നിലില്ല.


