മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം. ശബരിമലയിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. നിലയ്ക്കലില്‍ നിന്ന് പുലര്‍ച്ചെ 3 മണിയോടെ ഭക്തരെ പമ്പയിലേയ്ക്ക് കടത്തിവിടാന്‍ തുടങ്ങിയിരുന്നു.
കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ മൂന്ന് ദിവസം ചില നിയന്ത്രണങ്ങളുണ്ട്. ബുക്ക് ചെയ്ത തീര്‍ത്ഥാടകര്‍ക്ക് ഈ ദിവസങ്ങളില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു ദിവസം സൗകര്യമേര്‍പ്പെടുത്തും.
അതേസമയം തീര്‍ത്ഥാടനത്തിനായി സ്പോട്ട് ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശക്തമായ ഒഴുക്കായതിനാല്‍ പമ്പാ സ്നാനത്തിനും അനുമതിയില്ല. ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ വിലയിരുത്താനായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് സന്നിധാനത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും.
പുതുതായി ചുമതലയേറ്റ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതിദിനം മുപ്പതിനായിരം പേര്‍ക്കാണ് അനുമതി. സ്വാമി അയ്യപ്പന് റോഡ് വഴിയാണ് മലകയറ്റം. കാനന പാത അനുവദിക്കില്ല. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം.


