ബിഹാറിലെ തോല്‍വിയില്‍ നേതൃത്വത്തെ വിമര്‍ശിച്ച് കപില്‍ സിബല്‍. ഉത്തരേന്ത്യയില്‍ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമായി. ജനം കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ല. തെറ്റുതിരുത്താന്‍ നേതൃത്വം തയ്യാറായില്ലെങ്കില്‍ ഇനിയും പിന്നിലാകും. ആശങ്ക പരസ്യമാക്കിയത് പ്രതികരിക്കാന്‍ പാര്‍ട്ടിയില്‍ വേദിയില്ലാത്തതിനാലാണെന്നും കപില്‍ സിബല്‍ പറഞ്ഞു.
ഗുജറാത്തില്‍ നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് തോറ്റു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും പാര്‍ട്ടിക്ക് അവിടെ കിട്ടിയില്ല. ഉത്തര്‍പ്രദേശിലെ ചില നിയോജകമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ട് 2 ശതമാനത്തില്‍ താഴെയാണ്.
” കോണ്‍ഗ്രസ് ആത്മപരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ്” പാര്‍ട്ടിയിലെ ഒരു സഹപ്രവര്ത്തകന് പറഞ്ഞത്. ആറു വര്‍ഷമായി കോണ്‍ഗ്രസ് ആത്മപരിശോധന നടത്തിയിട്ടില്ലെങ്കില്‍ ഇപ്പോള്‍ നടത്തുന്ന ആത്മപരിശോധനയ്ക്ക് എന്ത് പ്രസക്തിയാണുള്ളത്? കോണ്‍ഗ്രസിന്റെ കുഴപ്പം എന്താണെന്ന് നമുക്കറിയാം. സംഘടനാപരമായും എന്താണ് തെറ്റെന്ന് ഞങ്ങള്‍ക്കറിയാം. അതിനുള്ള പരിഹാരവും ഞങ്ങളുടെ പക്കലുണ്ട്. എന്നാല്‍ ആ ഉത്തരങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ തയ്യാറല്ല. അവരത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഗ്രാഫ് പിന്നെയും താഴ്ന്നുകൊണ്ടിരിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പ്രതികരിക്കാന്‍ വേദികളില്ലാത്തതിനാലാണ് താന്‍ ആശങ്ക പരസ്യമാക്കിയതെന്നും സിബല്‍ വ്യക്തമാക്കി.
നമ്മള് തകര്‍ച്ചയിലാണെന്ന് കോണ്‍ഗ്രസുകാര്‍ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. പോരായ്മകള്‍ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പോലും വേണ്ട ഫലത്തിലേക്കെത്തില്ല. നാമനിര്‍ദേശം ചെയ്യുന്ന സംസ്കാരം എടുത്തുകളയണം. നാമനിര്‍ദേശം ചെയ്യുന്ന രീതിയും തെരഞ്ഞെടുപ്പില്‍ വേണ്ട ഫലം നല്‍കില്ല. തങ്ങള്‍ ചിലര്‍ ഇക്കാര്യങ്ങള്‍ എഴുതി. എന്നാല്‍ അത് ഉള്‍ക്കൊള്ളുന്നതിന് പകരം പിന്തിരിപ്പിക്കാനണ് ശ്രമിച്ചത്. ഫലം എന്താണെന്ന് എല്ലാവര്ക്കും കാണാനാകുമെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.


