സ്ഥാനാര്‍ഥി പട്ടിക വന്നതോടെ പ്രത്യാശയും പ്രതീക്ഷയും നഷ്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തികള്‍ ആത്ര മോശമായിരുന്നു. കേരളത്തിലെ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്ന് കെ സുധാകരന് തുറന്നടിച്ചു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി തുടരാന്‍ തനിക്കിനി താല്പര്യമില്ല. തന്നോട് നേതാക്കള്‍ ഒന്നും ആലോചിച്ചിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേതൃത്വം മോശമായ നിലപാടുകള്‍ സ്വീകരിച്ചു. ജയസാധ്യതക്ക് മങ്ങലേറ്റെന്നും കെ സുധാകരന് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയും കെ.സി. വേണുഗോപാലും ചെന്നിത്തലയും ഇഷ്ടക്കാരെ തിരുകിക്കയറ്റി. ജയസാധ്യത നോക്കാതെയാണ് പലര്‍ക്കും ഈ തിരഞ്ഞെടുപ്പില്‍ അവസരം നല്‍കിയത്. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചില്ലെന്നും കെ സുധാകരന് പറഞ്ഞു. കെസി വേണുഗോപാലിനെതിരെയും കെ സുധാകരന് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഹൈക്കമാന്റ് എന്നത് കെസി വേണുഗോപാലായി മാറി.

ഹൈക്കമാന്‍ഡിന്റെ പേര് പറഞ്ഞ് കെസി വേണുഗോപാല്‍ ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്കി. ഹൈക്കാമാന്‍ഡിന്റെ പേരിലുള്ള തിരുക്കിക്കയറ്റല് പതിവുള്ളതായിരുന്നില്ല. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് താന്‍ തുടരുന്നത് മനസോടെയല്ല അലങ്കാര പദവികള്‍ തനിക്ക് ആവശ്യമില്ലെന്നും സുധാകരന് വ്യക്തമാക്കി.
സ്ഥാനം ഒഴിയാന്‍ പല തവണ ആലോചിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുറിവേല്ക്കാതിരിക്കാന് വേണ്ടി മാത്രമാണ് രാജിവയ്ക്കാത്തത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും സുധാകരന് പറഞ്ഞു.
ഇരിക്കൂര്‍ സീറ്റുമായി ബന്ധപ്പെട്ടുള്ള ധാരണകള്‍ ലംഘിക്കപ്പെട്ടു. ഇരിക്കൂറുകാര്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. ആര്‍എസ്പി അടക്കമുള്ള ഘടകകക്ഷികള്‍ക്ക് കോണ്‍ഗ്രസ് കീഴടങ്ങി. അര്‍ഹതയില്ലാത്തവര്‍ക്ക് വാരിക്കോരി നല്കി.
ഘടകകക്ഷികള്‍ തലയില്‍ കയറുന്നു.
മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ജില്ലയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ കാരണമാക്കുമെന്നും സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറികള്‍ തുടരുകയാണ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കാത്തതിനെ തുടര്‍ന്ന് മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് തലമുണ്ഡനം ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. കൂടാതെ വിവിധ മേഖലകളില്‍ നിന്ന് പല നേതാക്കളും രാജിവയ്ക്കുകയും ചെയ്തിരുന്നു.


