ശബരിമലയില്‍ ദര്‍ശനം നടത്തിയത് യുവതിയല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍. നടന് ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയ സ്ത്രീക്ക് 56 വയസ് പ്രായമുണ്ട്. വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ജനന തീയതി കാണിക്കുന്ന ആധാര്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണ് അവരെ കടത്തി വിട്ടത്. ആധാര്‍ കാര്‍ഡ് പ്രകാരം 1966 ജനന വര്‍ഷം. കഴിഞ്ഞ രണ്ടു വര്‍ഷവും അവര്‍ ദര്‍ശനത്തിനെത്തിയിരുന്നു. ആളെ കണ്ടു കൊണ്ട് പ്രായം നിശ്ചിയിക്കാന്‍ കഴിയില്ല. അങ്ങനെയിരിക്കെ ശബരിമലയില്‍ യുവതിയെ പ്രചരിപ്പിച്ചുവെന്ന തരത്തില്‍ ബോധപൂര്‍വം വ്യാജ പ്രചാരണം നടത്തുന്നതിനുള്ള ശ്രമമാണ് നടന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. സിനിമാ താരം ചിരഞ്ജീവിക്കൊപ്പം യുവതി ശബരിമല ദര്‍ശനം നടത്തിയെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടര്‍ന്നാണ് വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ രംഗത്തെത്തിയത്.


