യു എസിലെ ടെക്സസില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ നാല് ജൂതന്മാരെ ബന്ദികളാക്കി. ആയുധധാരിയായ അക്രമിയാണ് ബന്ദികളാക്കിയത്. ബന്ദികളാക്കിയവരില്‍ ഒരാളെ വിട്ടയച്ചു. മറ്റ് മൂന്ന് പേരെ മോചിപ്പിക്കാന്‍ ശ്രമം തുടരുകയാണ്. ബല പ്രയോഗത്തിലൂടെ ബന്ദികളെ മോചിപ്പിക്കാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്നാണ് അക്രമിയുടെ ഭീഷണി. വിട്ടയച്ച ആളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞിരുന്നു. ശനിയാഴ്ച രാവിലെ സിനഗോഗില്‍ പ്രാര്‍ഥന നടന്നു കൊണ്ടിരിക്കുമ്പോഴാണ് ഇയാള്‍ ആളുകളെ ബന്ദികളാക്കിയത്.
പാക് ഭീകര വനിത ആഭിയ സിദ്ദീഖിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂതന്മാരെ ബന്ദികളാക്കിയത്. യു എസ് സൈനികനെ വധിച്ച കേസില്‍ 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്നയാളാണ് ആഭിയ.
അക്രമകാരിയുടെ കൈയില്‍ ആയുധങ്ങളുണ്ടെന്നും ഇയാള്‍ അപകടകാരിയാണെന്നുമാണ് പൊലീസ് നല്കുന്ന വിവരം. അക്രമിയുമായി പൊലീസ് ആശയ വിനിമയം തുടരുകയാണ്. സുരക്ഷാസേന ജൂതപ്പള്ളി വളഞ്ഞിരിക്കുകയാണ്.


