കിഫ്ബിക്കെതിരായ സി. ആന്റ് എ.ജി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ സഭയില്‍ വെക്കാതെ പുറത്തുവിട്ട സര്‍ക്കാരിനെതിരെ കൂടുതല്‍ നടപടികളെ കുറിച്ച് ആലോചിച്ച് പ്രതിപക്ഷം. നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നതിന് മുന്‍പ് സി.എ.ജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ട ധനമന്ത്രിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. തോമസ് ഐസകിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും.
കിഫ്ബിക്കെതിരായ കണ്ടെത്തലുകളാണ് ധനനമന്ത്രിയെ പ്രകോപിപ്പിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിനെതിരെ നിയമപരമമായ എന്ത് നടപടി സ്വീകരിക്കാമെന്നാണ് ആലോചന. രാഷ്ട്രപതിക്ക് പരാതി നല്കുന്ന കാര്യവും പ്രതിപക്ഷത്തിന്റെ പരിഗണനയിലുണ്ട്. അതേസമയം കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സി.എ.ജി റിപോര്‍ട്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് പിന്നാലെ ഭരണഘടനാ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യം വെയ്ക്കുന്നതിന്റെ ഭാഗമാണെന്നാണ് തോമസ് ഐസക് കുറ്റപ്പെടുത്തിയത്.
കിഫ്ബിയ്ക്കെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും ഗൂഢാലോചന നടത്തുന്നുവെന്നും ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയുണ്ടെന്നും തോമസ് ഐസക് ആരോപിച്ചു. കിഫ്ബിയുടെ വായ്പ എടുക്കല്‍ ഭരണഘടന വിരുദ്ധമാണെന്നാണ് സിഎജി റിപ്പോര്‍ട്ട് ഇതിന്റെ തെളിവാണെന്നും ഐസക് പറഞ്ഞു.
1999 മുതല്‍ 9 തവണ സി ആന്‍ഡ് എ ജി കിഫ്ബിയില്‍ ഇന്‍സ്പെക്ഷനോ ഓഡിറ്റോ നടത്തിയിട്ടുണ്ട്. 2020ലെ കരട് റിപ്പോര്‍ട്ടിലൊഴികെ കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന വാദം ഉന്നയിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിനെതിരെ സി ആന്‍ഡ് എ ജിയും ഇ.ഡിയുടെ ചുവട് പിടിച്ച് നീങ്ങുകയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.


