ചാരുംമൂട് വള്ളികുന്നത്ത് എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ കൊലപ്പെടുത്തിയ ആര്‍എസ്എസിന്റെ നരനായാട്ടില്‍ ശക്തമായി പ്രതിഷേധിച്ച് എസ്എഫ്ഐ സംസഥാന കമ്മിറ്റി. വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയവുമായി സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ഇറങ്ങിയവരാണ് സംഘപരിവാര്‍ ഗുണ്ടകളെന്നും നരനായാട്ട് അവസാനിപ്പിക്കണമെന്നും എസ്എഫ്ഐ പറഞ്ഞു.
വള്ളികുന്നത്ത് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള അഭിമന്യൂവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് സിപിഐഎം ആരോപണം. സംഭവത്തില്‍ പ്രതികളായവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട അഭിമന്യുവിന്റെ മൃതദേഹം കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനാണ് അഭിമന്യു. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


