ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി ജവാന്റ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കാന്‍ സാധ്യത. കൊല്ലം കൊട്ടാരക്കര കുടവട്ടൂര്‍ സ്വദേശി വൈശാഖാണ് വീരമൃത്യുവരിച്ചത്. കുടവട്ടൂര്‍ വിശാഖത്തില് ഹരികുമാര്‍ ബീന ദമ്പതികളുടെ മകന് 24 കാരനായ വൈശാഖ് അഞ്ച് വര്‍ഷം മുമ്പാണ് ഇന്ത്യന്‍ ആര്‍മിയിലെ മെക്കനൈസ് ഇന്‍ഫെന്ററി റെജില്െ ജോലിയില്‍ പ്രവേശിച്ചത്.
വൈകുന്നേരത്തോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുക. അവിടെ നിന്നും സര്‍ക്കാര്‍ ഭൗതിക ശരീരം ഏറ്റുവാങ്ങും. ശേഷം വ്യോമസേനാ ആസ്ഥാനത്ത് സൂക്ഷിക്കും. നാളെ ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും.
രണ്ട് മാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയിരുന്നു. ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൂഞ്ച് ജില്ലയിലെ സുരന്‍ഖോട്ട് മേഖലയിലെ ഗ്രാമങ്ങളില്‍ നടത്തിയ തിരച്ചിലിനിടയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതും വൈശാഖ് അടക്കം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതും. ഇന്നലെ വൈകിട്ടോടെയാണ് മരണവിവരം സംബന്ധിച്ച് വീട്ടുകാര്‍ക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. ഡിഗ്രി വിദ്യാര്‍ഥിനിയായ ശില്പയാണ് വൈശാഖിന്റെ ഏക സഹോദരി.
രജോരി സെക്ടറില്‍ അതിര്‍ത്തി നുഴഞ്ഞു കയറിയ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെയാണ് മേഖലയില്‍ സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്. ചാമ്രര്‍ വനമേഖലയില്‍ വച്ച് ഭീകരവാദികള്‍ സുരക്ഷാ സേനക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.


