മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്കുന്ന തരത്തില്‍ ഭരണ നടപടിക്രമങ്ങള്‍ മാറ്റം വരുത്താനുള്ള നീക്കം വിവാദത്തില്‍. സെക്രട്ടറിമാര്‍ക്ക് മന്ത്രിമാരുടേതിന് തുല്യമായ അധികാരം നല്കുന്നതില് സിപിഐയ്ക്ക് അതൃപ്തിയുണ്ട്. ഓണ്‍ലൈന്‍ മന്ത്രിസഭകള്‍ കൂടുന്ന കാലത്ത് അതിനുസരിച്ചുള്ള ദേദഗതികള്‍ അനിവാര്യമാണെന്നും എന്നാല്‍ മന്ത്രിമാരുടെ അധികാരങ്ങള്‍ കവരില്ലെന്നും സമതി ചെയര്‍മാനായ എ.കെ.ബാലന് പ്രതികരിച്ചു. മുഖ്യമന്ത്രി അധികാരം പിടിച്ചെടുക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.
റൂള്‍സ് ഓഫ് ബിസിനസില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് റിപ്പോര്‍ട്ടിന്റെ ശുപാര്‍ശയിലുള്ള കടുത്ത അതൃപ്തി മന്ത്രിമാരായ ഇ ചന്ദ്രശേഖരനും കെ കൃഷ്ണന്‍കുട്ടിയും മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ അറിയിച്ചു. നിര്‍ദ്ദേശങ്ങളില്‍ പലതും മന്ത്രിമാരുടെ അധികാരം കുറയ്ക്കുന്നതും വകുപ്പ്സെക്രട്ടറിമാര്ക്കും മുഖ്യമന്ത്രിക്കും കൂടുതല്‍ അധികാരം നല്‍കുന്നതുമാണെന്നാണ് ഘടകക്ഷി മന്ത്രിമാര്‍ ഉന്നയിച്ച വിമര്‍ശനം. മന്ത്രിമാര്‍ അറിയാതെ മുഖ്യമന്ത്രിക്ക് ഫയല്‍ വിളിച്ചുവരുത്താമെന്നത് അംഗീകരിക്കാനാവില്ലെന്ന് അഭിപ്രായമുയര്‍ന്നു. പുതിയ ഭേദഗതി അഴിമതി നടത്താനാണെന്നും ശക്തമായി എതിര്‍ക്കുമെന്നും പ്രതിപക്ഷനേതാവ് പ്രതികരിച്ചു.
ടോംജോസ് ചീഫ് സെക്രട്ടറിയായ സമയത്താണ് ഭരണനടപടിക്രമങ്ങള്‍ മാറ്റം വരുത്താനുള്ള കരട് റിപ്പോര്‍ട്ട് തയ്യാറായത്. ഇത് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.കെ ബാലന് അധ്യക്ഷനായ മന്ത്രിതല സമിതിയെ നിയോഗിച്ചു. കരട് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ പലതും മന്ത്രിമാരുടെ അധികാരം ലഘൂകരിയ്ക്കുന്നതും വകുപ്പ് സെക്രട്ടറിമാര്‍ക്കും മുഖ്യമന്ത്രിക്കും കൂടുതല്‍ അധികാരം നല്‍കുന്നത് ആണെന്നുമുള്ള പരാതി ഉയര്‍ന്നു വന്നിട്ടുണ്ട്.
സിപിഐയ്ക്ക് ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ ബുധാനാഴ്ച ചേര്‍ന്ന ഉപസമിതി യോഗത്തില്‍ മന്ത്രി ഇ. ചന്ദ്രശേഖരന് ഇതിലുള്ള അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അവധി, ഡെപ്യൂട്ടേഷന്, പ്രൊബേഷന്‍ തുടങ്ങിയ ചെറിയ കാര്യങ്ങള്‍ പോലും മന്ത്രിമാര്‍ കണ്ട് തീരുമാനം എടുക്കണമെന്നാണ് നിലവിലെ ചട്ടം. പകരം നയപരമായ കാര്യങ്ങള്‍ മാത്രം മന്ത്രിമാരുടെ പരിഗണനക്ക് വിട്ടാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം. ഇതിനോടും മന്ത്രിമാര്‍ക്ക് എതിര്‍പ്പുണ്ട്. എന്നാല്‍ ഭേദഗതിക്കാര്യത്തില് അന്തിമ തീരുമാനമായിട്ടില്ലെന്ന് മന്ത്രി എ.കെ ബാലന് പ്രതികരിച്ചു
സിപിഐക്ക് പുറമെ മറ്റ് ഘടകക്ഷി മന്ത്രിമാര്‍ക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. അതുകൊണ്ട് തന്നെ വിവാദനിര്‍ദ്ദേശങ്ങള്‍ മന്ത്രിതല സമിതി അതേപടി അംഗീകരിക്കാന്‍ സാധ്യതയില്ല.


