തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ യുവാക്കളുടെ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു കാട്ടാക്കട ജംഗ്ഷന് സമീപത്തായി യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ബസ് സ്റ്റാന്‍ഡ് മുതല്‍ മൊളിയൂര്‍ റോഡ് വരെയാണ് കൂട്ടത്തല്ല് നടന്നത്. നാട്ടുകാര്‍ അറിയിച്ച പ്രകാരം പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നതിന് മുമ്പ് യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍, സംഭവ സ്ഥലത്തുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ നിന്ന് റോഡിലൂടെ ബഹളമുണ്ടാക്കി ആരെയോ ഓടിച്ച സംഘം മൊളിയൂര്‍ റോഡിലെത്തിയ ശേഷമാണ് ഏറ്റുമുട്ടിയത്. സംഘം ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സിസിടിവി ക്യാമറയില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. വീഡിയോയില്‍ ഒരു യുവാവിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതും പൊലീസ് പിടിച്ചു മാറ്റുന്നതും കാണാം.
യുവാക്കളിലൊരാള്‍ സമീപത്തെ ഇറച്ചിക്കടയില്‍ കയറി ഇറച്ചിവെട്ടുന്ന കത്തിയുമായി തിരികെയെത്തി മറ്റൊരാളെ ആക്രമിക്കാനൊരുങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. കടയിലെ ജീവനക്കാരന് ഇയാളുടെ പിന്നാലെയെത്തി കത്തി പിടിച്ചുവാങ്ങി. രണ്ട് മാസം മുമ്പ് യുവാക്കളുടെ സംഘങ്ങള്‍ തമ്മില്‍ ഇത്തരത്തില്‍ കാട്ടാക്കട ബസ് സ്റ്റാന്‍ഡിന് സമീപം ഏറ്റുമുട്ടി.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, എത്രപേരാണ് ഇതില്‍ ഉള്പ്പെട്ടതെന്നോ എന്താണ് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടാനുണ്ടായ കാരണമോ പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.


