ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റമിന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയ പൂര്‍വ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തുവെന്നും മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയര്‍ത്തിയെടുത്തുവെന്നും മുഖ്യമന്ത്രി ഓര്‍ത്തു. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നല്‍കുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി.
‘മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ അനുശോചിക്കുന്നു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്.
വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നല്‍കുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്. പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂര്‍വ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു. മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയര്‍ത്തിയെടുത്തു. 100 വര്‍ഷത്തിലധികം ജീവിക്കാന്‍ കഴിയുക എന്നത് അത്യപൂര്‍വമായി മനുഷ്യ ജീവിതത്തിന് ലഭിക്കുന്ന ഭാഗ്യമാണ്. അതത്രയും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവര്‍ക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി. നര്‍മമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലര്‍ത്തി എല്ലായ്പ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന തിരുമേനിയെ അണ് നമുക്ക് നഷ്ടമായത്.’ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മാര്‍ത്തോമ്മാ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്. കേരളത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്കിയ ആത്മീയാചാര്യനായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യവും വാക്കുകളും ജനങ്ങളില്‍ അതിയായ സന്തോഷം നിറച്ചിരുന്നു. കേരള ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും എകെ ബാലന് പറഞ്ഞു.
പൗരോഹിത്യത്തിന്റെ ആലഭാരങ്ങള്‍ക്കു പകരം ജനജീവിതത്തിന്റെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ ഇടയനായിരുന്നു മെത്രാപ്പൊലീത്ത. ചിരിയിലൂടെയും നര്മ്മഭാവങ്ങളിലൂടെയുമുള്ള പ്രസംഗങ്ങളും ഗ്രന്ഥരചനകളും കൊണ്ട് ക്രിസ്തുവിന്റെ വഴി സ്വീകരിച്ച അദ്ദേഹം വിമോചനത്തിന്റെ പാതയായി സര്‍ഗ്ഗാത്മക ഇടപെടലുകളുടെ സാധ്യത അന്വേഷിച്ച് തന്റെ ആത്മീയ ജീവിതത്തെ പുതിയ നിലയില്‍ പുതുക്കി പണിയുകയാണ് ചെയ്തതെന്ന് സ്പീക്കര്‍ പി ശ്രീരാമകഷ്ണന്.
പരമ്പരാഗതമായ ആത്മീയ രീതികള്‍ക്കു പകരം ജീവിതത്തിന്റെ പ്രശ്നങ്ങളെ ഉള്‍ക്കൊള്ളാനും അതിനെ മറികടക്കാനുമുള്ള ആത്മവിശ്വാസവും ഊര്‍ജ്ജവും പകരുന്ന സവിശേഷമായ ആത്മീയ ഭാവത്തിന്റെ പ്രതീകമായിരുന്നു മെത്രാപ്പോലീത്തയെന്നും സ്പീക്കര്‍ പറഞ്ഞു.

