രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം തീവ്രമാവുകയാണ്. കര്‍ണാടകയില്‍ കൊവിഡ് മരണം ആറായിരം കടന്നു.
24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 18,105 പോസിറ്റീവ് കേസുകളും 391 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം 8,43,844 വും മരണം 25,586 ഉം ആയി. കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8865 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 104 പേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു.
ആന്ധ്രാപ്രദേശില്‍ 10,199 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,65,730 ആയി. 24 മണിക്കൂറിനിടെ 75 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. മരിച്ചവരുടെ എണ്ണം 4,200 ആയി. തമിഴ്നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെക്കാള്‍ കൂടുതല്‍ പേര് രോഗമുക്തി നേടി. 5,892 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
എന്നാല്‍, 6,110 പേര് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. തലസ്ഥാനമായ ചെന്നൈയില്‍ തന്നെയാണ് ഇപ്പോഴും കൊവിഡ് വ്യാപനം ഏറ്റവുമധികം. 968 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,38,724 ആയി.
ഉത്തര്‍ പ്രദേശ് 5,776, ബിഹാര്‍ 1922, പഞ്ചാബ് 1,527, മധ്യപ്രദേശ് 1,672, ഗുജറാത്ത് 1,325, ജമ്മു കശ്മീര്‍ 1,079 എന്നിങ്ങനെയാണ് മറ്റു പ്രധാന സംസ്ഥാനങ്ങളിലെ പ്രതിദിന രോഗ ബാധ. രാജ്യത്ത് ചികിത്സയിലുള്ളതിന്റെ മൂന്നിരട്ടിയാളുകള്‍ക്ക് രോഗം ഭേദമായെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ലോകത്ത് ആകെ രോഗികള്‍ രണ്ട് കോടി 64 ലക്ഷം കടന്നു. 8.72 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയിലും ബ്രസീലിലും നാല്പതിനായിരത്തിലേറെ പേര്‍ക്കാണ് രോഗബാധ. അമേരിക്കയില്‍ 995 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ബ്രസീലില്‍ 830 പേരും മരിച്ചു. യൂറോപ്പില്‍ കൊവിഡ് വ്യാപനം, മാര്‍ച്ച് മാസത്തെ അതേ രൂക്ഷമായ നിലയിലേക്ക് തിരിച്ചെത്തിയെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ രോഗബാധ ഉയരുകയാണ്.
അതേസമയം, കാറില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ മാസ്ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, ഒരുകൂട്ടം ആളുകള്‍ വ്യായാമവും മറ്റും നടത്തുമ്പോള്‍ മാക്സ് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.


