നവരാത്രി ഉത്സവങ്ങളുടെ ഭാഗമായി നടക്കുന്ന പ്രധാന ചടങ്ങായ മഹാരാജാവിന്റെ ഉടവാള് കൈമാറി. ചടങ്ങില്‍ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ വച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് ഉടവാള് തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധിയായ ഐ.ടി. വകുപ്പ് മന്ത്രി മനോ തങ്കരാജിന് കൈമാറി. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി, കേന്ദ്രമന്ത്രി വി മുരളീധരന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തിന്റെ നവരാത്രി ആഘോഷങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്ന് തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള നവരാത്രി മണ്ഡപമാണ്. രാജഭരണം നിലനിന്നിരുന്ന കാലത്ത് സ്വാതിതിരുനാള്‍ മഹാരാജാവാണ് പത്മനാഭപുരത്തു നിന്നും ആഘോഷങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ആചാരമാണ് മുന്നൂറ്റിനങ്ക, കുമാരസ്വാമി, സരസ്വതീദേവി വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര. ഇന്ന് രാവിലെ ശുചീന്ദ്രത്തു നിന്നും ആ ഘോഷയാത്രയ്ക്ക് ഇത്തവണ തുടക്കം കുറിച്ചു. വരും ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തില്‍ എത്തുന്ന ഘോഷയാത്രയ്ക്ക് അര്‍ഹമായ വരവേല്‍പ്പ് നല്‍കും.
ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്നിരുന്ന യോഗ തീരുമാന പ്രകാരം നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പരമ്പരാഗത ആചാരങ്ങള്‍ക്കനുസൃതമായി നവരാത്രി ആഘോഷങ്ങള്‍ സംഘടിപ്പിക്കും.


