സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് പോലും നല്കുന്നതില് ഗവണ്മെന്റിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായതായി കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് എം.എല്‍.എ. കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ പ്ലാന്‍ ഫണ്ടില്‍പ്പോലും 2478.89 കോടി രൂപയാണ് ധനമന്ത്രി ഐസക് വെട്ടികുറച്ചത്. 201718ല്‍ 287.76 കോടി, 2018-19-ല്‍ 554.16 കോടി, 2019-20ല്‍ 1636.99 കോടി എന്നിങ്ങനെയാണ് പ്ലാന്‍ ഫണ്ട് വെട്ടിക്കുറവ് വരുത്തിയത്.
2018ലെയും 2019-ലെയും പ്രളയദുരിതാശ്വാസത്തിനും, 2020 ലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനും തദ്ദേശസ്വയഭരണ സ്ഥാപനങ്ങള്‍ തനതു ഫണ്ടില്‍ നിന്നും പ്ലാന്‍ ഫണ്ടില്‍ നിന്നും വകമാറി ചെലവഴിച്ച പണം പോലും സര്‍ക്കാര്‍ നല്‍കിയില്ലെന്ന കാര്യംമറച്ചു വെച്ചുകൊണ്ടാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചുവെന്ന് ധനമന്ത്രി അവകാശവാദം ഉന്നയിക്കുന്നത്. ഈ തവണ കേന്ദ്ര ധനകാര്യ കമ്മീഷന് അവാര്‍ഡായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്കിയ 2412.84 കോടി പൂര്‍ണ്ണമായും പഞ്ചായത്തുകള്‍ക്ക് കൈമാറാതെ 379.75 കോടി സംസ്ഥാന ഖജനാവിലേക്ക് വകമാറ്റിയത് ഏതു സാഹചര്യത്തിലാണെന്ന് ധനമന്ത്രി വ്യക്തമാക്കണം.
ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ച് 6 മാസം പിന്നിടുമ്പോള്‍ ഗ്രാമപഞ്ചായത്തിന്റെ പദ്ധതി ചെലവ് 34 ശതമാനവും, ബ്ലോക്കിന്റേതു 41 ശതമാനവും, ജില്ലാ പഞ്ചായത്തിന്റേതു 40 ശതമാനവും, നഗരസഭകളുടേത് 30 ശതമാനവും, കോര്‍പ്പറേഷന്റേത് 24 ശതമാനവും മാത്രമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മൊത്തം പരിഗണിച്ചാല്‍ പദ്ധതി ചിലവ് 34 ശതമാനം മാത്രമെയുള്ളു.ഇതില്‍ തന്നെ ഗണ്യമായ സംഖ്യയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ചെലവഴിച്ചതാണ്.
വികേന്ദ്രീകൃത ആസൂത്രണം നടപ്പിലായ ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഇത്രയും അവഗണിച്ച ഒരു കാലം ഉണ്ടായിട്ടില്ലെന്ന് കെ.സി. ജോസഫ് കുറ്റപ്പെടുത്തി. ഈ കുറ്റബോധം കൊണ്ടാണ് ഗ്രാന്റ് അനുവദിച്ച കാര്യം കൊട്ടിഘോഷിക്കാന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് തയ്യാറായിരിക്കുന്നതെന്നും കെ.സി. ജോസഫ് വ്യക്തമാക്കി.


