പത്തനംതിട്ട ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മൃതദേഹം നാളെ റീ പോസ്റ്റ് മോര്‍ട്ടം ചെയ്യും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയ ടേബിളില്‍ മൂന്നംഗ ഫോറന്‍സിക് ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ് മോര്‍ട്ടം ചെയ്യുക. മത്തായിയുടെ കേസ് ഏറ്റെടുത്ത സിബിഐ സംഘമാണ് ഡോക്ടര്‍മാരെ നിര്‍ദേശിച്ചത്. കേസ് ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു.
അതേസമയം, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്കുന്ന മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. തുടര്‍ന്ന് ശനിയാഴ്ച രാവിലെ 9ന് വടശേരിക്കര അരീക്കാകാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് 3.30ന്
കുടപ്പനക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ ശവസംസ്കാരം നടക്കും. ഏറെ നാടകീയതകള്‍ക്ക് ഒടുവിലാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം സംസ്ക്കരിക്കാന്‍ കുടുംബം തീരുമാനമെടുത്തത്.
മത്തായി മരിച്ച് നാല്‍പ്പതാം ദിവസമാണ് സംസ്കാരം. ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നിലാപാടെടുത്ത കുടുംബം സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് നിലപാടില്‍ അയവ് വരുത്തിയത്.
മത്തായിയുടെ ആദ്യ പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം മരണകാരണം ശ്വസകോശത്തില്‍ വെള്ളം കയറിയതാണ്. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് മത്തായിയുടെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്‍പ് കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് ആരേയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നില്ല.


