സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പദ്ധതിക്ക് 2019 ഡിസംബറില്‍ തത്വത്തില്‍ അനുമതി ലഭിച്ചുവെന്നും കേന്ദ്രത്തിന്റെ കത്ത് വായിച്ച് ബാലഗോപാല്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു. കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
ഇടത് സര്‍ക്കാര്‍ ഇല്ലാത്തത് പറയില്ല. ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തെറ്റിദ്ധാരണ പരത്തരുത്’. കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളില്‍ ബിജെപി നേതാക്കളെക്കാള്‍ വിശ്വാസം കോണ്‍ഗ്രസിനാണെന്നും വന്ദേ ഭാരത് പദ്ധതി പ്രഖ്യാപനങ്ങളെ ചൂണ്ടിക്കാട്ടി ധനമന്ത്രി പരിഹസിച്ചു.
അതേസമയം, നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. ഇത് ഉയര്‍ത്തിക്കാണിച്ചാണ് ബിജെപിയും കോണ്‍ഗ്രസും പദ്ധതിക്കെതിരെ പ്രചരണം ശക്തമാക്കുന്നത്.
‘സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്കാന് കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടും പരിഗണിക്കേണ്ടതുണ്ട്. ഈ രണ്ട് റിപ്പോര്‍ട്ടുകളും കൂടി സമര്‍പ്പിക്കാന്‍ നോഡല്‍ ഏജന്‍സിയായ കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്’.
ഈ റിപ്പോര്‍ട്ടുകള്‍ കൂടി പരിശോധിച്ച് പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗിതക കൂടി പരിഗണിച്ച ശേഷമേ കെ റെയില്‍ പദ്ധതിക്ക് അന്തിമാനുമതി നല്‍കൂവെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയില്‍ പറയുന്നത്.


