മുല്ലപ്പള്ളിക്കെതിരെ ഡി.ജി.പിക്ക് പരാതി. ആത്മാഭിമാനമുള്ള സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പട്ടാല്‍ ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ പിന്നീടത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന കെ.പി.സി.സി പ്രസിഡന്റ്് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളെ ആത്മഹത്യക്ക് പ്രേരിപ്പിക്കലാണെന്നും അദ്ദേഹത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാ ദള്‍ നേതാവ് സലീം മടവൂര്‍ ഡി.ജി.പി ലോക് നാഥ് ബെഹ്റക്ക് പരാതി നല്കി.
ഐപിസി 305, 306, 108 വകുപ്പുകള്‍ പ്രകാരം മുല്ലപ്പള്ളിക്കെതിരെ കേസ്സെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ഐപിസി 305 പ്രകാരം 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചാല്‍ വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ലഭിക്കുന്ന കുറ്റമാണ്. മുതിര്‍ന്ന സ്ത്രീകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചാല്‍ പത്ത് വര്‍ഷം തടവും ലഭിക്കുന്ന കുറ്റമാണ്. നിയമത്തില്‍ ഒരു വ്യക്തി എന്നാണ് സൂചിപ്പിക്കുന്നത്.
നിരവധി തവണ എം.പിയും കെ.പി.സി.സി പ്രസിഡന്റുമായ വ്യകതി ആത്മാഭിമാനമുള്ള സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്ന് പറയുന്നത് ഗൗരവമേറിയ കുറ്റകൃത്യമാണെന്ന് പരാതിയില്‍ പറയുന്നു.


