ഇംഫാല്‍: വംശീയ കലാപം നടക്കുന്ന മണിപ്പൂരില്‍ രണ്ട് വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
പൊലീസും സൈന്യവും ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ ഇംഫാലില്‍നിന്ന് 51 കിലോമീറ്റര്‍ അകലെ ചുരാചന്ദ്പുരില്‍നിന്ന് പിടികൂടിയ പ്രതികളെ സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
പ്രതികളെ ഉടൻ വിമാനത്തില്‍ അസമിലെ ഗുവാഹതിയിലേക്ക് കൊണ്ടുപോയി. ജൂലൈ ആറിന് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹ ചിത്രങ്ങള്‍ സെപ്റ്റംബര്‍ 26ന് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് മണിപ്പൂരില്‍ വ്യാപക അക്രമം നടന്നിരുന്നു. നിയമത്തിനു മുന്നില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാനാകില്ലെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിങ് പ്രതികരിച്ചു.
പൊലീസിന്റെയും സൈന്യത്തിന്റെയും രഹസ്യ നീക്കത്തിനൊടുവില്‍ രണ്ട് പുരുഷന്മാരും നാല് സ്ത്രീകളുമാണ് അറസ്റ്റിലായത്. ഉടൻ ഇവരെ വിമാനത്താവളത്തിലേക്ക് മാറ്റി.

