മണിപ്പൂര്‍ : സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. മൊബൈല്‍ ഡാറ്റ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഒക്ടോബര്‍ 16 വരെ നിര്‍ത്തിവെക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അക്രമ വീഡിയോകളോ ചിത്രങ്ങളോ അപ്ലോഡ് ചെയ്യരുതെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്സ് എന്നിവയുള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അക്രമാസക്തമായ വീഡിയോകളും ഫോട്ടോകളും വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നടപടി.
മണിപ്പൂര്‍ ഗവര്‍ണറുടെ ഓഫീസ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ബള്‍ക്ക് എസ്എംഎസ് വഴിയും അക്രമത്തിന് പ്രേരിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കാന്‍ പാടില്ല. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ അവരവരുടെ ജില്ലയിലെ പോലീസ് സൂപ്രണ്ടുമാരെ സമീപിച്ച് നിയമപരമായ പരിശോധനക്ക് വിധേയരാകണം. പരാതിക്കിടയാക്കിയ ദൃശ്യങ്ങള്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിയമലംഘകര്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും (ഐപിസി) ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം നടപടി നേരിടേണ്ടിവരും.
മെയ് 3 ന് സംസ്ഥാനത്ത് അക്രമം റിപ്പോര്‍ട്ട് ചെയ്യതിനെ തുടര്‍ന്നാണ് മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് സെപ്റ്റംബര്‍ 23 ന് ഇത് പുനഃസ്ഥാപിച്ചു. എന്നാല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 26 ന് വീണ്ടും മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. പിന്നാലെ ഒക്ടോബര്‍ 9ന് ഒരാളെ ചുട്ടുകൊന്നതായി പറയുന്ന വീഡിയോ വൈറലായി. ഇതോടെ സംഘര്‍ഷം വീണ്ടും റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 11 വരെ നീട്ടുകയായിരുന്നു. ഇതിനിടെ മണിപ്പൂരില്‍ കേന്ദ്ര-സംസ്ഥാന സേനകളുടെ യൂണിഫോം ധരിച്ച് സായുധരായ അക്രമികള്‍ ആക്രമണം അഴിച്ചുവിടുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ന്യൂ കെയ്ഥെല്‍മാന്‍ബി ഏരിയയിലെ കുക്കി ഗ്രാമങ്ങളില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ഇത്തരം ആക്രമണം ഉണ്ടായി. അത്യാധുനിക ആയുധങ്ങളുമായെത്തുന്ന സംഘം വീടുകള്‍ കത്തിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്തെന്ന് കുക്കി ആദിവാസി സംഘടന കെഐഎംഎല്‍ ആരോപിച്ചു.
പത്രക്കുറിപ്പിലൂടെ ഇത്തരം സംഭവങ്ങളെ സംഘടന അപലപിക്കുകയും ചെയ്തു. പോലീസ് യൂണിഫോമിലെത്തിയ സായുധ തീവ്രവാദികള്‍ സിനം ഖൈത്തോങ് കുക്കി ഗ്രാമത്തിന് നേരെ സ്ഫോടക വസ്തുക്കളടക്കം എറിയുകയായിരുന്നു. ഒക്ടോബര്‍ 4 നും ന്യൂ കെയ്തെല്‍മാന്‍ബി ഗ്രാമത്തില്‍ സായുധ തീവ്രവാദികള്‍ ആക്രമണം നടത്തിയതായി സംഘടന ആരോപിച്ചു. ഇവരെ പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന കേന്ദ്ര സുരക്ഷാ സേന നേരിട്ടു.
ഒക്ടോബര്‍ 5 ന് രാവിലെ സിനം ഖൈതോംഗ് ഗ്രാമത്തില്‍ ആക്രമണം നടത്തിയ സായുധരായ തീവ്രവാദികള്‍ ഒരു കുക്കി അസം റൈഫിള്‍സ് ഉദ്യോഗസ്ഥന്റെ വീട് കത്തിച്ചു. അന്ന് വൈകുന്നേരം എല്‍. ജംഗ്നോംഫായി ഗ്രാമത്തിലെ ഗ്രാമവാസികളുടെ കുറഞ്ഞത് നാല് വീടുകളെങ്കിലും അഗ്നിക്കിരയായി. പള്ളി ഭാഗികമായി കത്തിനശിച്ചതായും ആദിവാസി സംഘടന അവകാശപ്പെട്ടു.
മാധ്യമങ്ങളെയും സംഘടന വിമര്‍ശിച്ചു. മുന്‍കാലങ്ങളില്‍ നടന്ന സംഭവങ്ങളില്‍ പക്ഷപാതപരമായ റിപ്പോര്‍ട്ടുകളും തെറ്റായ വസ്തുതകളും നല്കിയ മാധ്യമസ്ഥാപനങ്ങളെയാണ് സംഘടന ലക്ഷ്യം വെച്ചത്. മെയ്തേയ് സമുദായത്തിന്റെ പട്ടിക വർഗ പദവിക്ക് വേണ്ടിയുള്ള ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ സംഘടിപ്പിച്ച ‘ആദിവാസി ഐക്യദാർഢ്യ മാർച്ചി’ലാണ് ആദ്യ സംഘർഷം റിപ്പോർട്ട് ചെയ്തത്. ഇതിനുപിന്നാലെ സംസ്ഥാനൊട്ടാകെ നടന്ന കാലങ്ങളിൽ 175-ൽ അധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

