രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇത്തരം ആസ്തികള്‍ക്ക് നികുതിയും ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനം. ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാന്‍ കമ്പ്യൂട്ടര്‍ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റല്‍ റുപീ കൊണ്ടുവരുമെന്നാണ് നിര്‍മല അറിയിച്ചത്. കറന്‍സി ഈ വര്‍ഷം തന്നെ നിലവില്‍ വരും.
അതിനിടെ, ക്രിപ്റ്റോ ആസ്തികള്‍ക്ക് 30 ശതമാനം നികുതിയും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു. ഡിജിറ്റല്‍ കറന്‍സിക്ക് തത്വത്തില്‍ നിയമസാധുത നല്കുന്ന നടപടി കൂടിയാണ് കേന്ദ്രസര്‍ക്കാറിന്റേത്. ഒരു ശതമാനം ടിഡിഎസുമുണ്ട്.
ബിറ്റ്കോയിന് അടക്കമുള്ള ക്രിപ്റ്റോകറന്‍സികളുടെ ജനപ്രീതി കറന്‍സി ഇഷ്യൂവര്‍ എന്ന നിലയില്‍ ആര്.ബി.ഐയ്ക്ക് കനത്ത വെല്ലുവിളിയാണ് നിലവില്‍ ഉയര്‍ത്തുന്നുണ്ട്. വേഗത്തില്‍ ഔദ്യോഗിക ക്രിപ്റ്റോ കറന്‍സി പുറത്തിറക്കാനുള്ള കാരണവും ഇതാണെന്ന് കരുതപ്പെടുന്നു. ചരക്കുകളും സേവനങ്ങളും വാങ്ങുന്നതിനുള്ള വിപണിയില്‍ ക്രിപ്റ്റോകറന്‍സികള്‍ ഇഷ്ടപ്പെട്ട ഇടപാടായി മാറിയാല്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആര്.ബി.ഐയ്ക്ക് സാധിച്ചെന്നു വരില്ല.
ഡിജിറ്റല്‍ പണമാണ് ക്രിപ്റ്റോകറന്‍സികള്‍. അവ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ലെങ്കിലും മൂല്യമുണ്ട്. എന്നാല്‍ ഇന്ത്യയിലെ റിസര്‍വ് ബാങ്ക്, യുഎസ് ഫെഡറല്‍ റിസര്‍വ് പോലെ ഒരു കേന്ദ്രീകൃത അതോറിറ്റി ഇതിനില്ല. ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാന്‍ കമ്പ്യൂട്ടര്‍ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
വിവിധ എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകള് ഉപയോഗിച്ച് ക്രിപ്റ്റോകറന്‍സികള്‍ വാങ്ങാനാകും. നിക്ഷേപകര്‍ക്ക് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പുകള്‍ ഡൗണ്‍ലോഡു ചെയ്യാനാകും. ആപ്പുകള്‍ സൈന്‍ അപ്പ് ചെയ്ത് കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് വാലറ്റിലേക്ക് പണം കൈമാറ്റി ഇഷ്ടമുള്ള കോയിനുകള്‍ വാങ്ങാം. എക്സ്ചേഞ്ച് പ്ലാറ്റ് ഫോം ഉപയോഗിച്ച് ഏതു ക്രിപ്റ്റോ കറന്‍സിയും രൂപയടക്കമുള്ള മറ്റു ഫിസിക്കല്‍ കറന്‍സികളിലേക്ക് മാറ്റാന്‍ കഴിയും.