കൊച്ചി. നാടിന്റെ വികസന കാര്യങ്ങളില്‍ ഏവരുടെയും സഹകരണമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ ലുലു ട്വിന്‍ ടവര്‍ ഐ.ടി സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങളില്‍ ഭരണ പ്രതിപക്ഷം എന്ന പ്രശ്നമില്ല. വികസന രംഗത്ത് എല്ലാവരും ഒരുപോലെ സഹകരിക്കുക, പിന്തുണ നല്‍കുക എന്നതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതും ഇപ്പോള്‍ നടന്നു വരുന്നതും.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ.ടി സമുച്ചയമായാണ് ലുലു ട്വിന്‍ ടവര്‍ മാറുന്നത്. ആകെ മുപ്പത് നിലകളിലായി 1500 ലേറെ കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സമുച്ചയം വഴി 30,000 ന് മുകളില്‍ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. ഇതിന് നേതൃത്വം നല്കുന്ന എം.എ യൂസഫലിയെ പ്രത്യേകം അഭിനന്ദിക്കുന്നു.
പുതിയ വ്യവസായങ്ങളെയും സംരംഭകരെയും സ്വാഗതം ചെയ്യുന്ന നമ്മുടെ സംസ്ഥാനത്തിനും സര്‍ക്കാരിനും ഇത്തരമൊരു പദ്ധതി ഇവിടെ യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ട്.
കേരളീയരായ തൊഴില്‍ അന്വേഷകര്‍ക്ക് വലിയ സഹായമാണ് ലുലുവില്‍ നിന്നും അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്നത്.
ഇന്‍ഫോ പാര്‍ക്ക് ഫേസ് ടുവില്‍ 500 കോടിയുടെ പുതിയ ഐ.ടി സമുച്ചയം കൂടി നിര്‍മ്മിക്കാന്‍ ലുലു ഗ്രൂപ്പ് തയ്യറാവുകയാണ്. മൂന്നര ഏക്കര്‍ സ്ഥലത്ത് ഒമ്പതര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന സമുച്ചയത്തിലൂടെ 7500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. പദ്ധതിയ്ക്ക് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നതാണ്. ഇത്തരത്തിലുള്ള കൂടുതല്‍ നിക്ഷേപങ്ങള്‍ സര്‍ക്കാര്‍ ഇനിയും പ്രതീക്ഷിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായരംഗത്ത് വളര്‍ച്ച നേടുന്നതിനൊപ്പം തന്നെ സാമൂഹ്യ സേവന രംഗത്തും എം.എ യൂസഫലി വലിയ ശ്രദ്ധ നല്‍കുന്നുണ്ട്. പ്രവാസികള്‍ക്ക് സഹായം ഉറപ്പാക്കുന്നതിലും അദ്ദേഹം പ്രത്യേക പരിഗണന നല്കി വരുന്നു. നാടിനെ വ്യവസായവല്ക്കരിക്കുന്നതിന് യൂസഫലിയെ പോലുള്ളവരുടെ പ്രതിബദ്ധതയോടുള്ള പ്രവര്‍ത്തനം ഇനിയും നാടാഗ്രഹിക്കുകയാണ്. അത് സമകാലിക കേരളത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയുടെ വികസനത്തിന്റെ വഴിത്തിരിവായി ഈ പദ്ധതിമാറുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. കേരളത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ ഉണ്ടാകുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തെ സംബന്ധിച്ചെടുത്തോളം അഭിമാനകരമായ മുഹൂര്‍ത്തമാണിതെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തിലും ഡിജിറ്റല്‍ സാക്ഷരതയിലും കേരളം ഏറെ മുന്നിലാണ്. കണക്ടിവിറ്റി, ശുദ്ധവായു, ശുദ്ധജലം, മികച്ച മനോവിഭവശേഷി തുടങ്ങിയ അനുകൂല ഘടകങ്ങളും സംസ്ഥാനത്തുണ്ട്. ഇതെല്ലാം വ്യവസായത്തിന് അനുകൂല സൗകര്യങ്ങളാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസിലും ഒന്നാമതെത്താന്‍ കേരളത്തിനായി. ഏറെ വിജയകരമായിഎ.ഐ കോണ്‍ക്ലേവ് ഇവിടെ നടത്തിയിരുന്നു. അടുത്തതായി ജി.സി.സി കോണ്‍ക്ലേവ് കൂടി കൊച്ചിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കില്‍ ലുലുവിന്റെ പുതിയ ഫുഡ് പ്രോസസിങ് യൂണിറ്റ് തുടങ്ങാന്‍ തീരുമാനിച്ചതില്‍ ലുലു ഗ്രൂപ്പിനോട് പ്രത്യേകം നന്ദി അറിയിക്കുന്നതായും ഐ.ടി മേഖലയുടെ കുതിച്ചുചാട്ടത്തിന്റെ പ്രധാന കേന്ദ്രമായി പുതിയ ട്വിന്‍ ടവര്‍ മാറട്ടെ എന്നും അദ്ദേഹം പറഞ്ഞു.
നാടിനും എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് ഓരോ ഘട്ടത്തിലും ലുലു ഗ്രൂപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അതിന്റെ ഏറ്റവും പുതിയ രൂപമാണ് ലുലു ട്വിന്‍ ടവറെന്നും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനില്‍ പറഞ്ഞു. ഇനിയും പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ കഴിയട്ടെ എന്നും എല്ലാ വിജയയങ്ങളും ആശംസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി, പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡന് എം.പി, ഉമാ തോമസ് എം.എല്‍.എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, തൃക്കാക്കര നഗരസഭ്യക്ഷ രാധാമണി പിള്ള, വാര്‍ഡ് കൗണ്‍സിലര്‍ അബ്ദു ഷാന, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷറഫ് അലി, വ്യവസായ രംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.