ചെന്നൈ: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പ്രസ്താവനയുമായി തമിഴ്നാട് നിയമമന്ത്രി സി വി ഷണ്മുഖം. 2016 ഡിസംബര്‍ 5നാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിത മരണപ്പെട്ടത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നാണ് മന്ത്രി ഷണ്മുഖത്തിന്റെ ആരോപണം. അപ്പോളോ ആശുപത്രിയില്‍ ജയലളിതയ്ക്ക് മികച്ച ചികിത്സ നല്കിയിരിന്നുവെങ്കില് അവര്‍ ഇന്നും ജീവിച്ചിരിക്കുമായിരുന്നുവെന്നും സിവി ഷണ്മുഖം പ്രതികരിച്ചു.
ജയലളിതയെ ആന്‍ജിയോഗ്രാമിന് വിധേയയാക്കേണ്ടതില്ല എന്ന തീരുമാനം ആരാണ് എടുത്തത് എന്ന് ഷണ്മുഖം ചോദിച്ചു. അക്കാര്യത്തില്‍ എന്തോ കളളക്കളി നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
തമിഴ്നാട് സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളി കൂടിയായ ശശികലയ്ക്ക് എതിരെയാണ് ആരോപണങ്ങളുടെ മുന നീളുന്നത്. ജയലളിതയുടെ മരണം നടന്ന് ഒരു വര്‍ഷത്തിന് ശേഷം ഓ പനിര്‍ശെല്‍വത്തിന്റെ ആവശ്യപ്രകാരമാണ് എടപ്പാടി സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ജയലളിതയ്ക്ക് മികച്ച ചികിത്സ നല്‍കിയില്ലെന്ന വിവരം കമ്മീഷന് അഭിഭാഷകന്റെ ഹര്‍ജി വഴി പുറത്ത് വന്നിരുന്നു.
കൃത്യസമയത്ത് ആന്‍ജിയോഗ്രാം ചെയ്യാത്തതാണ് ജയലളിതയുടെ ആരോഗ്യം മോശമാകാനും അത് വഴി മരണം സംഭവിക്കാനും കാരണമായത് എന്നാണ് കമ്മീഷന് അഭിഭാഷകന്റെ ഹര്‍ജിയില്‍ പറയുന്നത്. മാത്രമല്ല ജയലളിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അപ്പോളോ ആശുപത്രിയും വികെ ശശികലയും തമ്മില്‍ ഗൂഢാലോചന നടത്തിയെന്നതിന് സാഹചര്യ തെളിവുകളുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.


